തിരുവനന്തപുരം: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ കാസര്‍ഗോഡ് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍. ശിവശങ്കരനെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്തു. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പുറത്തിറക്കി. കേരള പൊലീസ് ആക്ടിലെ 86(3) വകുപ്പ് അനുസരിച്ചാണ് നടപടി.
ശിക്ഷണ നടപടികളുടെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി ഈ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ഉദ്യോഗസ്ഥന്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന പൊലീസ് മേധാവി നേരിട്ട് വിളിപ്പിച്ചിരുന്നു. ഉദ്യോഗസ്ഥന്റെ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഉടനടി പ്രാബല്യത്തില്‍ വരത്തക്കവിധം സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്ത് പൊലീസ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചത്. ശിക്ഷണനടപടികള്‍ പലതവണ നേരിട്ടിട്ടും ഈ ഉദ്യോഗസ്ഥന്‍ തുടര്‍ച്ചയായി ഇത്തരം കേസുകളില്‍ പ്രതിയാകുകയും സ്വഭാവദൂഷ്യം തുടരുകയും ചെയ്തതിനാല്‍ പൊലീസില്‍ തുടരാന്‍ യോഗ്യനല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
2006 മുതല്‍ വിവിധ അച്ചടക്കനടപടികളുടെ ഭാഗമായി നാലുതവണ സസ്‌പെന്‍ഷനും 11 തവണ വകുപ്പുതല നടപടികളും നേരിട്ട ഉദ്യോഗസ്ഥനാണ് ആര്‍ ശിവശങ്കരന്‍. അനധികൃത സ്വത്ത് സമ്പാദനം, ലൈംഗികാതിക്രമം, നിരപരാധികളെ കേസില്‍പ്പെടുത്തല്‍, അനധികൃതമായി അതിക്രമിച്ച് കടക്കല്‍ മുതലായ കുറ്റങ്ങള്‍ക്കാണ് ഈ നടപടികള്‍ നേരിട്ടതെന്ന് സംസ്ഥാന പൊലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി പ്രമോദ് കുമാര്‍ അറിയിച്ചു.