scorecardresearch
Latest News

”ഞാനല്ല ചെയ്തത്, ഭാര്യയെ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ചതാ”: മ്യൂസിയം വളപ്പിലെ ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സന്തോഷ്

താൻ കുറ്റം ചെയ്തിട്ടില്ലെന്നും തന്റെ തലയിൽ പൊലീസ് കെട്ടിവച്ചതാണ് കേസെന്നും പ്രതി സന്തോഷ്

santhosh, kerala police, ie malayalam

തിരുവനന്തപുരം: മ്യൂസിയം വളപ്പിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ നടന്ന തിരിച്ചറിയൽ പരേഡിൽ പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് അറസ്റ്റിലായ സന്തോഷ്. കുറവൻകോണത്ത് വീട് ആക്രമിച്ച കേസിലും പ്രതിയാണ് ഇയാൾ.

അതേസമയം, താൻ കുറ്റം ചെയ്തിട്ടില്ലെന്നും തന്റെ തലയിൽ പൊലീസ് കെട്ടിവച്ചതാണെന്നും പ്രതി സന്തോഷ് തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ മാധ്യമങ്ങളോട് പറഞ്ഞു. ”ഞാനല്ല ചെയ്തത്. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. ഭാര്യയെ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ചതാ,” സന്തോഷ് കരഞ്ഞുകൊണ്ട് പറഞ്ഞു.

വാട്ടർ അതോറിറ്റിയിലെ താൽക്കാലിക ഡ്രൈവറാണ് ഇയാൾ. പ്രൈവറ്റ് സെക്രട്ടറി ഉപയോഗിച്ചിരുന്ന സ്റ്റേറ്റ് കാറിൽ എത്തിയാണ് ഇയാൾ ആക്രമണം നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. കാറിന്റെ ബോർഡ് മറച്ചായിരുന്നു പ്രതി സഞ്ചരിച്ചിരുന്നത്. കുറവൻകോണത്ത് വീട്ടിൽ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് മ്യൂസിയം പരിസരത്ത് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് രണ്ട് കേസിലും പ്രതി ഒരാളാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.

മ്യൂസിയം വളപ്പിൽ പ്രഭാത സവാരിക്കിറങ്ങിയ യുവതിക്കുനേരെയാണ് ആക്രമണമുണ്ടായത്. എൽഎംഎസ് ജംങ്ഷനിൽ വാഹനം നിർത്തിയ ശേഷം നടന്നു വന്ന പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് അകത്ത് കയറി രക്ഷപ്പെട്ടു.

കുറവൻകോണത്ത് അർധരാത്രി വീട്ടിൽ പ്രതി അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. വീടിന്‍റെ മുകൾനിലയിലേക്കുള്ള ഗേറ്റിന്‍റെയും മുകൾനിലയിലെ ഗ്രില്ലിന്‍റെയും പൂട്ടുതകർക്കുകയും ജനൽ തകർക്കാൻ ശ്രമിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്.

അതിനിടെ, ഏജൻസി നൽകിയ കരാർ ജീവനക്കാരനാണ് അറസ്റ്റിലായ മലയിൻകീഴ് സ്വദേശി സന്തോഷ് എന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചത്. വിഷയം അറിഞ്ഞപ്പോൾ തന്നെ പിഎസുമായി സംസാരിച്ചുവെന്നും ഇയാളെ അടിയന്തരമായി ഒഴിവാക്കാൻ നിര്‍ദേശിച്ചെന്നും റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു.

സന്തോഷിനെപ്പറ്റി ഇതുവരെ യാതൊരു പരാതിയും തനിക്ക് ലഭിച്ചിട്ടില്ലെന്ന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മനോരമ ന്യൂസിനോട് പറഞ്ഞു. മുൻ ജലവിഭവമന്ത്രിയുടെ കാലത്തും സന്തോഷ് ഡ്രൈവറായിരുന്നു. ജല അതോറിറ്റിയാണ് വാഹനവും ഡ്രൈവറെയും നൽകിയത്. വാഹനം രാത്രിയിൽ കൊണ്ടുപോവാൻ ഡ്രൈവർക്ക് അധികാരമില്ല. രാത്രി വാഹനം എങ്ങനെ പുറത്തുപോയെന്ന് നോക്കേണ്ടത് സുരക്ഷാ ജീവനക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Sexual assault in museum premises roshy augustine s private secretary driver arrested