കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ മജിസ്ട്രേറ്റ് കോടതിയുടെ കണ്ടെത്തല്‍ ശരിയല്ലെന്ന് ആരോപണവിധേയനും നടനുമായ ഉണ്ണി മുകുന്ദന്‍. വ്യാജ സത്യവാങ്മൂലമാണ് നല്‍കിയതെന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരിയുടെ ആരോപണം കള്ളമാണെന്നും ഉണ്ണി മുകുന്ദന്‍ കോടതിയില്‍ വ്യക്തമാക്കി.
പരാതിക്കാരി ഇ-മെയില്‍ വഴി ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് അറിയിച്ചതായും ഉണ്ണി മുകുന്ദന്‍ അവകാശപ്പെട്ടു. പരാതിക്കാരിയുടെ ഓഡിയോ സന്ദേശം കയ്യിലുണ്ടെന്ന് ഉണ്ണിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സൈബി ജോസ് കോടതിയെ അറിയിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും.
2017-ലാണ് കേസിന് ആസ്പദമായ സംഭവം. സിനിമയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോൾ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നാണു പരാതി.
കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. വിചാരണ പുരോഗമിക്കുന്നതിനിടെയാണു കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചത്.