കൊച്ചി: ബലാത്സംഗത്തിന് കേസ് നൽകിയ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ്. കൊച്ചി ഡിസിപി യു വി കുര്യാക്കോസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ എറണാകുളം തേവര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വിജയ് ബാബു വിദേശത്താണ് ഉള്ളതെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ, ഇന്നലെ രാത്രിയോടെ ഫെയ്സ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു ആരോപണം നിഷേധിക്കുകയും പരാതിക്കാരിയുടെ പേര് ലൈവിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. താനാണ് ഇരയെന്നും ആരോപണങ്ങൾ കള്ളമെന്ന് തെളിയിക്കാനുള്ള തെളിവുകൾ തന്റെ കൈയ്യിലുണ്ടെന്നും വിജയ് ബാബു അവകാശപ്പെട്ടു. ബലാത്സംഗകേസിൽ ഇരയുടെ പേര് വെളിപ്പെടുത്താൻ പാടില്ലെന്ന കോടതി ഉത്തരവുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിജയ് ബാബുവിനെതിരെ കേസെടുക്കാൻ പൊലീസ് ഒരുങ്ങുന്നത്.
അതിനിടയിൽ, വിജയ് ബാബുവിനെതിരേ നല്കിയ ലൈംഗിക പീഡന കേസിൽ വിശദീകരണവുമായി പരാതിക്കാരിയും സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് പരാതിക്കാരി തനിക്കു പറയാനുള്ള കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. തന്റെ വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്നങ്ങളിൽ രക്ഷകനെപ്പോലെ പെരുമാറിയ വിജയ് ബാബു അതിന്റെ മറവിൽ തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പരാതിക്കാരി പറയുന്നത്. “സോഷ്യൽ മീഡിയയിൽ എന്നെ അപമാനിക്കുകയോ വ്യക്തിപരമായി ആക്രമിക്കുകയോ അല്ലെങ്കിൽ എന്റെ പ്രതിച്ഛായയും വ്യക്തിത്വവും നശിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നവർക്കെതിരെ ഞാൻ കർശനമായ നിയമനടപടി സ്വീകരിക്കും,” എന്നും പരാതിക്കാരി കുറിപ്പിൽ പറയുന്നുണ്ട്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ഫൗണ്ടർമാരിൽ ഒരാളായ വിജയ് ബാബു ഫിലിപ് ആന്റ് ദി മങ്കി പെൻ, പെരുച്ചാഴി, ആട്, ആട് 2, മുദ്ദുഗൗ, സൂഫിയും സുജാതയും, ഹോം തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ്. നീന, ത്രീ കിങ്ങ്സ്, ഹണീ ബീ, ഫിലിപ് ആന്റ് ദി മങ്കി പെൻ, എസ്കേപ്പ് ഫ്രം ഉഗാണ്ട, ആകാശവാണി, പ്രേതം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കൂടിയാണ് വിജയ് ബാബു.
Read more: