കൊട്ടിയൂർ (കണ്ണൂർ): ചായം പൂശാത്ത, വീഴാറായ ചുമരാണ് കൊട്ടിയൂരുള്ള ആ മൂന്ന് മുറി വീടിന്. അതില്‍ നിറയെ ചിത്രങ്ങളാണ് – കത്തോലിക്കാ സഭയെ നയിക്കുന്ന വൈദികരുടെ. “കുട്ടികൾ ദൈവത്തിന്റെ ദാനം” ( Children are a gift from God) എന്ന ബൈബിള്‍ വചനം അതിലൊന്നില്‍ ആലേഖനം ചെയിതിരിക്കുന്നു.
ഈ വീട്ടില്‍ കഴിഞ്ഞ മാസം ഒരു കുഞ്ഞു ജനിച്ചു. പ്രായം തികയാത്ത ഒരുവളെ പള്ളിയിലെ വൈദികന് ബലമായി പ്രാപിച്ചതിന്റെ ബാക്കി പത്രം. കുഞ്ഞിന്റെ കരച്ചില് കൂടാതെ അവിടെ വേറെയും കരച്ചിലുകള്‍ കേള്‍ക്കാം. കുടുംബത്തിനുണ്ടായ മാനക്കേടോര്‍ത്ത് കരയുന്ന അമ്മൂമ്മയുടെ, സഭയുടെ മാനം കാക്കാന്‍ വേണ്ടി ചെയ്തിട്ടില്ലാത്ത കുറ്റം ഏല്‍ക്കേണ്ടി വന്ന അപ്പൂപ്പന്റെ…
കേരളത്തിലെ കത്തോലിക്കാ സഭ ഉള്‍പെട്ട ലൈംഗികാതിക്രമങ്ങളില്‍ വച്ചേറ്റവും ഗൗരവമേറിയതും മോശപ്പെട്ടതുമായ സംഭവത്തിന്റെ നേര് ചിത്രമാണിത്.
കൊട്ടിയൂരിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഇടവകയില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിനു പള്ളി വികാരി അറസ്റ്റിലായത് കഴിഞ്ഞയാഴ്ചയാണ്. മാന്തവാടി അതിരൂപതയിലെ വൈദികനായ ഫാദര്‍ റോബിന് വടക്കുംചേരിലിനെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട്, തലശ്ശേരി കോടതി നിര്‍ദേശ പ്രകാരം പോലീസ് കസ്റ്റഡിയില്‍ വിട്ടു.
കൊട്ടിയൂരുള്ള ഒരു കുന്നിന് മുകളില്‍ താമസിക്കുന്ന അഞ്ച് മക്കളുള്ള ഈ കുടുംബത്തിന് ആ നടപടി ഒരാശ്വാസവും പകര്‍ന്നില്ല. ‘ഞങ്ങളുടെ കുടുംബം പറ്റിക്കപ്പെട്ടു. പള്ളിയിലുള്ള വിശ്വാസം തകര്‍ന്നു. എന്റെ മകള്‍ പ്രസവിച്ചതിന് ശേഷം കുഞ്ഞിന്റെ പിതൃത്വം മറ്റാരെങ്കിലും ഏറ്റെടുക്കണം എന്നാണയാള്‍ പറഞ്ഞത്. ഇങ്ങനെ ഒരു കാര്യം ആരേല്‍ക്കും? ഒരു വിശ്വാസി എന്ന നിലയില്‍ ഞാനും കരുതി, പുരോഹിതനും പള്ളിക്കും അപമാനമുണ്ടാവുന്നത് ഒഴിവാക്കണം എന്ന്’, കര്‍ഷകനായ അച്ഛന് പറയുന്നു.
‘പക്ഷെ പോലീസ് വന്നു മകളെ ബലാത്സംഗം ചെയ്തതിന്റെ പേരില്‍ എന്നെ അറസ്റ്റ് ചെയ്തപ്പോഴാണ് ഇതിന്റെ ഗൗരവം മനസ്സിലാവുന്നത്. വര്‍ഷങ്ങള്‍ ജയിലില്‍ കിടക്കും എന്നവര്‍ പറഞ്ഞു. അപ്പോഴാണ് ഞാന്‍ അയാളുടെ പേര് പറഞ്ഞത്. 30,000 രൂപ ആസ്പത്രി ബില്‍ നല്‍കിക്കൊണ്ട് റോബിന് പറഞ്ഞു, ചെയ്ത കുറ്റത്തിന് എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാം എന്ന്. അയാള്‍ ഇന്ത്യയില്‍ നിന്നും കടക്കാന്‍ ശ്രമിക്കുകയായിരുന്നു. അതായിരുന്നു എന്റെ മകളോട് ചെയ്ത വലിയ ചതി’.
റോബിന്റെ കൈയ്യില്‍ നിന്നും പണം വാങ്ങി ഈ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം തള്ളിക്കളയും മുന്‍പ് അയാള്‍ പറഞ്ഞതാണിത്.
റോബിന്റെ പെരുമാറ്റത്തില്‍ ഒരപാകതകളും കാണാന്‍ സാധിച്ചിരുന്നില്ല എന്ന് പെണ്‍കുട്ടിയുടെ അമ്മ.
‘പുരോഹിതഗൃഹത്തില് ഇപ്പോഴും സ്ത്രീകളുണ്ടാവും. അദ്ദേഹം വിദേശത്ത് പഠിക്കാനയച്ച പെണ്‍കുട്ടികള്‍ അദ്ദേഹത്തെ പപ്പാ എന്നാണ് വിളിച്ചിരുന്നത്. ഇങ്ങനെ പെരുമാറ്റപ്രശ്നമുള്ള ആളാണ് എന്നതിന് ഒരു മുന്നറിയിപ്പും കിട്ടിയിരുന്നില്ല. നിര്‍ഭാഗ്യവശാല്‍ എന്റെ മകള്‍ അയാളുടെ ഇരയായി.’
കഴിഞ്ഞ വേനലവധിക്കാലത്ത്, മെയ് മാസമാണ് പെണ്‍കുട്ടിയെ റോബിനച്ചന് ബലാത്സംഗം ചെയ്യുന്നത്. പള്ളിയില്‍ ഡാറ്റാ എന്‍ട്രി ചെയ്യാന്‍ മറ്റു ചില പെണ്‍കുട്ടികളോടൊത്ത് പോയതാണവള്‍.
‘ഇടവകയില്‍ വേറെയും ആള്ക്കാര് ഉണ്ടാവാറുണ്ട്. എന്നാല്‍ മകള്‍ ഒറ്റയ്ക്കായ സമയത്താണ് ഉപദ്രവിച്ചത്. വീട്ടിലോ സ്കൂളിലോ ആരോടും മിണ്ടരുത് എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.’ പെണ്‍കുട്ടിയുടെ അച്ഛന് കൂട്ടി ചേര്‍ത്തു.
വീട്ടിലും സ്കൂളിലും ആരും തന്നെ പെണ്‍കുട്ടിക്ക് ഉണ്ടായ മാറ്റത്തെക്കുറിച്ച് ശ്രദ്ധിച്ചിരുന്നില്ല. ‘കൃത്യമായി ആര്‍ത്തവം ഉണ്ടാകാത്ത കുട്ടിയായിരുന്നു അവള്. അത് കൊണ്ട് തന്നെ ഗര്‍ഭം ഉണ്ടായത് അറിയാതെ പോയി. അല്ലെങ്കില്‍ പ്രസവിക്കുന്നത് വരെ കാക്കേണ്ട കാര്യമുണ്ടായിരുന്നോ?
ഇതല്ലാം കഴിഞ്ഞും പള്ളിയോടുള്ള ഭക്ത്യാദരങ്ങള്‍ക്ക് ഒരു കുറവുമില്ല ഈ കുടുംബത്തിന്.
‘കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ ഭാഗമാണ് ഞങ്ങള്‍. അഞ്ചാമത്തെ കുഞ്ഞ് ജനിച്ചപ്പോള്‍ വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അതിരൂപതയുടെ Pro-Life Movement ഞങ്ങളെ ആദരിക്കുകയുണ്ടായി.’ എന്ന് പെണ്‍കുട്ടിയുടെ അച്ഛന്.
കഴിഞ്ഞ ബുധനാഴ്ച മുതല്‍ സ്കൂളില്‍ പോയി തുടങ്ങിയ പെണ്‍കുട്ടിക്ക് പതിനൊന്നാം ക്ലാസ്സ് പരീക്ഷയാണ്. ‘എല്ലാ പരീക്ഷയും നേരിടാന്‍ അവളൊരുക്കമാണ്. ഇനി പഠിപ്പില്‍ ശ്രദ്ധിക്കാനാണ് ശ്രമിക്കുന്നത്.’, അവളുടെ അമ്മ കൂട്ടിച്ചേര്‍ത്തു.
-ഷാജു ഫിലിപ്പ് (ദ് ഇന്ത്യൻ എക്സ്പ്രസ്)