scorecardresearch

നടിമാര്‍ക്കെതിരായ ലൈംഗികാതിക്രമം: അന്വേഷണ സംഘം മാളിലെത്തി തെളിവെടുപ്പ് നടത്തി

തന്റെ സമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്

നടിമാര്‍ക്കെതിരായ ലൈംഗികാതിക്രമം: അന്വേഷണ സംഘം മാളിലെത്തി തെളിവെടുപ്പ് നടത്തി
പ്രതീകാത്മക ചിത്രം

കോഴിക്കോട്: സ്വകാര്യ മാളില്‍ വച്ച് യുവനടിമാര്‍ക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. മാളിലെത്തി സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു. ഇന്നു തന്നെ നടിമാരുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.

ലൈംഗികാതിക്രമം നടന്നതായി തന്റെ സമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് നടി അറിയിച്ചത്. പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാളിലെത്തിയതായിരുന്നു നടിയും മറ്റ് താരങ്ങളും. ആള്‍ക്കുട്ടത്തിനിടയില്‍ നിന്നായിരുന്നു അതിക്രമമുണ്ടായത്.

തന്റെ ഒപ്പമുണ്ടായിരുന്ന നടിക്കെതിരെയും സമാന രീതിയില്‍ അതിക്രമം നടന്നതായും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സഹപ്രവര്‍ത്തക പ്രതികരിച്ചതായും നടി വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും മരവിപ്പാണ് അനുഭവപ്പെട്ടതെന്നും നടി പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് എന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി കോഴിക്കോട് വന്നപ്പോൾ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവമാണ്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലമാണ് കോഴിക്കോട്. പക്ഷേ പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ അവിടെ നിന്ന ഒരാൾ എന്ന കയറിപ്പിടിച്ചു. എവിടെ എന്ന് പറയാൻ എനിക്ക് അറപ്പ് തോന്നുന്നു. ഇത്രയ്ക്ക് ഫ്രസ്ട്രേറ്റഡ് ആയിട്ടുള്ളരാണോ നമ്മുടെ ചുറ്റുമുള്ളവർ.

പ്രമോഷന്റെ ഭാഗമായി ഞങ്ങൾ ടീം മുഴുവൻ പലയിടങ്ങളിൽ പോയി. അവിടെയൊന്നുമുണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവമായിരുന്നു ഇന്നുണ്ടായത്. എന്റെ കൂടെയുണ്ടായ മറ്റൊരു സഹപ്രവർത്തകയ്ക്കും ഇതേ അനുഭവമുണ്ടായി. അവർ അതിനു പ്രതികരിച്ചു. പക്ഷേ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യമായിപ്പോയി. ഒരുനിമിഷം ഞാൻ മരവിച്ചുപോയി. ആ മരവിപ്പിൽ നിന്നുകൊണ്ട് ചോദിക്കുകയാണ് തീർന്നോ നിന്റെ ഒക്കെ അസുഖം.

എഡിറ്ററുടെ കുറിപ്പ്: സുപ്രീം കോടതി ഉത്തരവ് അനുസരിച്ച്, ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയായവരെ (വ്യക്തി / പ്രായപൂര്‍ത്തിയാകാത്ത ആൾ) തിരിച്ചറിയാന്‍ ഇടയാക്കുന്ന ഏതെങ്കിലും വിവരങ്ങള്‍ വെളിപ്പെടുത്താൻ കഴിയില്ല.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Sexual assault against malayalam actors in kozhikode