തിരുവനന്തപുരം: കേരളത്തിലെ മാറി മാറി വരുന്ന സർക്കാരുകളെ വിടാതെ പിടികൂടിയ ഒന്നായി മാറിയിരിക്കുന്നു സ്ത്രീകളുടെ നേരെയുളള പെരുമാറ്റം. കേരള രാഷ്ട്രീയത്തിലെ ചരിത്രം തന്നെ തിരുത്തിയെഴുതിയതായിരുന്നു പി.ടി.ചാക്കോയ്ക്കെതിരായ വിവാദം. അദ്ദേഹം യാത്ര ചെയ്തിരുന്ന കാറിന് അപകടം സംഭവിക്കുകയും ആ സമയത്ത് അതിൽ ഒരു സ്ത്രീ കാറിൽ ഉണ്ടായിരുന്നുവെന്നായിരുന്നു എന്നാണ് അന്നുയർന്ന ആരോപണം. ആ ആരോപണത്തെത്തുടർന്ന് ചാക്കോയുടെ രാഷ്ട്രീയഭാവി തന്നെ വഴിമാറി.
സത്രീകളോടുളള പെരുമാറ്റദൂഷ്യത്തിന്റെ പേരിലോ സ്ത്രീബന്ധങ്ങളുടെ പേരിലുളള​ ആരോപണത്തിന്റെ അടിസ്ഥാനത്തിലോ, രാജിവെയ്ക്കേണ്ടി വന്നത് അഞ്ച് മന്ത്രിമാർക്കാണ്. പിടി ചാക്കോ, എ നീലലോഹിതദാസൻ നാടാർ, പി. കെ. കുഞ്ഞാലിക്കുട്ടി, കെ. ബി ഗണേശ്‌കുമാർ, എ കെ. ശശീന്ദ്രൻ എന്നിവരാണവർ.

1962 ലെ പട്ടം താണുപിളളയുടെ മന്ത്രിസഭയിലും തുടർന്നു വന്ന ആർ.ശങ്കർ മന്ത്രിസഭയിലും മന്ത്രിയായിരുന്ന ചാക്കോയ്ക്ക് ഈ ആരോപണത്തിൽ പിടിച്ചു നിൽക്കാനായില്ല. 1964 ഫെബ്രുവരി 20ന് അദ്ദേഹത്തിന് രാജിവയ്ക്കേണ്ടി വന്നു. ഇത് കേരളത്തിലെ കോൺഗ്രസിന്റെ തലവരയും മാറ്റിയെഴുതി. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ വഴിത്തിരിവായിരുന്നു അത്. മന്ത്രിസ്ഥാനം രാജിവച്ച അദ്ദേഹം രാഷ്ട്രീയ പ്രവർത്തനവും അഭിഭാഷകവൃത്തിയുമായി മുന്നോട്ടുപോയി. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിച്ച അദ്ദേഹം തോറ്റു. അധികം വൈകാതെ ഓഗസ്റ്റിൽ അദ്ദേഹം നിര്യാതനായി. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് കോൺഗ്രസിനുളളിൽ ഉരുൾപൊട്ടി കേരളത്തിൽ പുതിയ പാർട്ടി രൂപം കൊണ്ടു. കേരളാ കോൺഗ്രസ് എന്ന പാർട്ടിയുടെ രൂപീകരണം കേരളത്തിൽ വേറൊരു രാഷ്ട്രീയം തന്നെ ആരംഭിച്ചു.

Read More: ലൈംഗിക ആരോപണം: എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവച്ചു

പിന്നീട് സ്ത്രീ പീഡനങ്ങളുമായി ബന്ധപ്പെട്ട് കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്കുന്നത് 1995ലാണ്. സൂര്യനെല്ലി കേസാണ് അന്ന് ഉയർന്നു വന്നത്. അതിൽ നിരവധി രാഷ്ട്രീയക്കാർ​ ഉൾപ്പെട്ടു. ആ കേസിൽ പി.ജെ.കുര്യനെതിരായ ആരോപണവും ഉയർന്നു. സൂര്യനെല്ലി കേസ് വിവാദം കത്തി നിൽക്കുമ്പോഴാണ് കോഴിക്കോട് ഐസ്ക്രീം പെൺവാണിഭ കേസ് ഉയർന്നുവരുന്നത്. ഈ കേസിൽ പെടുന്നത് കേരളത്തിന്റെ വ്യവസായ മന്ത്രിയും ലീഗ് നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടിയായിരുന്നു. മൂന്നു തവണ ഈ കേസ് പൊന്തിവന്നു. ആദ്യ തവണ കേസ് വന്നതു പോലെ അവസാനിച്ചു. ആന്റണി മന്ത്രിസഭയിൽ മന്ത്രിയായിരിക്കുന്പോഴാണ് ആരോപണത്തിന് അടിസ്ഥാനമായ സംഭവം ഉണ്ടായത്. ആരോപണം ഉയർന്നത് 1996 ൽമുഖ്യമന്ത്രിയായി നായനാർ ഭരിക്കുമ്പോഴാണ്. എന്നാൽ കേസിൽ ഒന്നും സംഭവിച്ചില്ല. രണ്ടാമത്തെ തവണ ഈ കേസിലെ പീഡനത്തിനിരയായ സ്ത്രീ നേരിട്ട് ചാനലുകളിൽ വന്ന് കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചുവെന്ന് ആരോപിച്ചു. ഇത് സംഭവിക്കുന്പോൾ കുഞ്ഞാലിക്കുട്ടി മന്ത്രിയാണ്. പിന്നീട് ആരോപണങ്ങൾ പിൻവലിച്ചു. അന്ന് നടന്ന പ്രക്ഷോഭങ്ങളുടെ ഒടുവിൽ കുഞ്ഞാലിക്കുട്ടിക്ക് അന്നത്തെ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ വ്യവസായ മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നു. അതിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടി കെ.ടി.ജലീലിനോട് തോൽക്കുകയും ചെയ്തു. വീണ്ടും കുഞ്ഞാലിക്കുട്ടിക്കെതിരായ കേസ് അട്ടിമറിച്ചതാണെന്ന് അദ്ദേഹത്തിന്റെ ബന്ധുവായ റൗഫിന്റെയും അഭിഭാഷകരും വെളിപ്പെടുത്തുന്ന ഒളിക്യാമറ വാർത്ത വന്നു. ഇത് സംഭവിക്കുന്നത് വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയുടെ അവസാന കാലത്താണ്. എന്നാൽ ആ വിവാദവും കെട്ടടങ്ങി.

Read More: കെഎസ്‌യുവിലൂടെ പൊതുപ്രവർത്തനം; എലത്തൂരിൽനിന്നും പിണറായി മന്ത്രിസഭയിലേക്ക്

1996 ലെ ഇ. കെ നായനാർ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്ന എ നീലലോഹിതദാസൻ നാടാർക്ക് മന്ത്രിസ്ഥാനം നഷ്ടമായതും ലൈംഗിക അപവാദ കേസിലായിരുന്നു. ഐ എ എസ് ഉദ്യോഗസ്ഥയുടെ പരാതിലായണ് നീലന്റെ മന്ത്രിസ്ഥാനം തെറിച്ചത്. നീലനെതിരെ ആ സമയത്ത് തന്നെ മറ്റൊരു ഐ എഫ് എസ് ഉദ്യോഗസ്ഥയും പരാതി നൽകിയിരുന്നു.

വി.എസ്.അച്യുതാന്ദൻ മന്ത്രിസഭയുടെ തുടക്കത്തിലാണ്. വിമാനത്തിൽ വച്ച് മന്ത്രിയായിരുന്ന പി.ജെ.ജോസഫ് സഹയാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയെന്നാരോപണമാണ് ഉയർന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ജോസഫ് രാജിവച്ചു. പിന്നീട് ഏറെക്കാലത്തിന് ശേഷം അദ്ദേഹം യുഡിഎഫിൽ ചേരുകയും ചെയ്തു.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്ത്രീകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വളരെയേറെയായിരുന്നു.​ സോളാർ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സ്ത്രീ ആരോപണങ്ങളിലേയ്ക്കു കൂടുതൽ വെളിപ്പെടുത്തലുകൾ സൃഷ്ടിച്ചത്. മന്ത്രിയായിരുന്ന കെ.ബി.ഗണേശ് കുമാറിന് മന്ത്രിസ്ഥാനം നഷ്ടമാകുന്നതിന് പിന്നിൽ ഭാര്യ നൽകിയ പരാതിയായിരുന്നു. ഭാര്യയോടുളള പെരുമാറ്റത്തെകുറിച്ചുളള പരാതിയാണ് അടിസ്ഥാനകാരണമായത്. ഇതിന് തൊട്ടുപിന്നാലെയാണ് സരിത നായരുടെ വെളിപ്പെടുത്തലുകൾ കേരളത്തിലെ മന്ത്രിമാരുടെയും രാഷ്ട്രീയനേതാക്കളുടെയും ഉറക്കം കെടുത്തിയത്.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് എൽഡിഎഫിനൊപ്പം നിന്ന ജനതാദൾ എസ് നേതാവും എംഎൽഎയുമായിരുന്ന ജോസ് തെറ്റയിലിനെതിരെ ഇതേ ആരോപണം ഉന്നയിക്കപ്പെട്ടു. പിന്നീട് ആ സ്ത്രീ തന്നെ ഇതിൽ കോൺഗ്രസിലെ ചില നേതാക്കൾ കുടുക്കിയതാണെന്ന് ആരോപിച്ചു. ജോസ് തെറ്റയിലിനെതിരെ സ്ത്രീ നൽകിയ കേസ് നേരത്തെ കോടതി തളളിയിരുന്നു.

പിണറായി സർക്കാർ വന്നിട്ട് 10 മാസം പിന്നിടുന്പോഴാണ് മന്ത്രിയും എൻസിപി നേതാവുമായ എ.കെ.ശശീന്ദ്രനെതിരെ ലൈംഗിക അപവാദ ആരോപണം ഉയരുന്നത്.

ഇതിനിടിയിൽ നടന്ന കിളിരൂർ, കവിയൂർ, വിതുര കേസുകളിലും രാഷ്ട്രീയ ബന്ധങ്ങൾ ആരോപിക്കപ്പെട്ടെങ്കിലും നേതാക്കളാരും കേസിൽ​​ ഉൾപ്പെട്ടതായി ആരോപണങ്ങളുണ്ടായില്ല. നേതാക്കളുടെ ബന്ധുക്കളും മക്കളും വിഐ​പികളും ഉണ്ടെന്ന് ആരോപിക്കപ്പെട്ട പീഡന കേസുകളാണ് ഉണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ