കോഴിക്കോട്: കെഎസ്ആർടിസി ബസിൽ യാത്രചെയ്യവെ ലൈംഗികാതിക്രമം നേരിയിട്ടതായി അധ്യാപിക. കോഴിക്കോട് സ്വദേശിനിയായ യുവതിയ്ക്കാണ് മോശം അനുഭവമുണ്ടായത്. ബസിലെ മറ്റൊരു യാത്രക്കാരൻ കടന്നു പിടിച്ചെന്നും ഇതിനെതിരെ പ്രതികരിച്ചിട്ടും കണ്ടക്ടർ ഉൾപ്പെടെ ബസിലെ മറ്റാരും പിന്തുണച്ചില്ലെന്നും അധ്യാപിക പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് യുവതി ഇക്കാര്യം പറഞ്ഞത്.
തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് രാത്രി യാത്ര ചെയ്യുമ്പോഴാണ് സംഭവം. പുറകിലിരുന്നയാൾ മോശമായി പെരുമാറിയപ്പോൾ ഉടൻ ഉച്ചത്തിൽ പ്രതികരിച്ചെന്നും ഇത് കണ്ടിട്ടും കണ്ടക്ടറോ ബസിലെ മറ്റ് യാത്രക്കാരോ തന്നോട് സംസാരിക്കുകയോ ഇടപെടുകയോ ചെയ്തില്ലെന്നും കണ്ടക്ടറോട് പരാതി പറഞ്ഞപ്പോൾ ഗൗരവത്തോടെ എടുക്കാതെ അയാള്‍ തന്നെ കുറ്റപ്പെടുത്തുകയാണ് ചെയ്തതെന്നും ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അധ്യാപിക പറഞ്ഞു.
”കണ്ടക്ടറും ബസിലെ യാത്രക്കാരുമൊക്കെ ഞാന്‍ സംസാരിക്കുന്നത് നോക്കുന്നുണ്ട്, കേൾക്കുന്നുണ്ട്. എന്നിട്ട്ആരും മിണ്ടിയിട്ടില്ല. നേരിട്ട അതിക്രമത്തെക്കാൾ ബുദ്ധിമുട്ട് തോന്നിയത് ഇതാണ്.” യുവതി പറഞ്ഞു.
എന്തുകൊണ്ടാണ് ചേട്ടൻ ഒന്നും പറയാതിരുന്നതെന്ന് കണ്ടക്ടറോട് ചോദിച്ചപ്പോൾ, “ഇത് ചെറിയ കാര്യമല്ലേ, അയാൾ മാപ്പ് പറഞ്ഞില്ലേ, നിങ്ങൾ എന്തിനാ പ്രശ്നമാക്കുന്നത്” എന്നായിരുന്നു പ്രതികരണമെന്നും വളരെ ദേഷ്യത്തിൽ താനെന്തോ കുറ്റം ചെയ്തപോലെ ആയിരുന്നു പെരുമാറ്റമെന്നും അവർ പറഞ്ഞു.
ഹൈവേ പെട്രോളിങ്ങിൽ ഉള്ള പൊലീസുകാരോട് കാര്യം പറഞ്ഞു അവർ അതിക്രമം നടത്തിയ ആളെ വിളിച്ച് സംസാരിക്കുകയും വേണമെങ്കിൽ സ്റ്റേഷനിൽ പോയി പരാതി നൽകാമെന്ന് പറയുകയും ചെയ്തു. എന്നാൽ കോഴിക്കോട് എത്തി പരാതി നൽകാമെന്ന് തീരുമാനിക്കുകയിരുന്നു എന്ന് യുവതി പറഞ്ഞു. ബസിലെ ഡ്രൈവറും നല്ല രീതിയിലാണ് പെരുമാറിയതെന്നും യുവതി പറഞ്ഞു.
“ഇനി പഴയ പോലെ, കെഎസ്ആർടിസി മാസ്സാണ്, ഡ്രൈവർ ഏട്ടന്മാരൊക്കെ നമ്മളെ അനിയത്തിമാരെയും മക്കളെയും പോലെ നോക്കും എന്ന ധൈര്യത്തിൽ രാത്രി ഇങ്ങനെ ബസ്സിൽ കയറി വരാൻ പറ്റുമോന്നറീല്ല!” എന്നും യുവതി വീഡിയോയ്ക്ക് ഒപ്പം കുറിച്ചു.
സംഭവത്തിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി വിശദമായ അന്വേഷണം നടത്താൻ ഉത്തരവിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. സംഭവം ഗൗരവമായി എടുക്കുന്നുവെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരമൊരു സംഭവം ഉണ്ടായാല്‍ കണ്ടക്ടർ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്നും മന്ത്രിഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
Also Read: ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികാതിക്രമം, പരാതി നൽകിയത് ആറ് പേർ; സുജീഷ് പിടിയിൽ