scorecardresearch
Latest News

പീഡനക്കേസ്: ഒളിവിന് അവസാനം; എല്‍ദോസ് കുന്നപ്പിള്ളില്‍ മൂവാറ്റുപുഴയില്‍

ആരോപണം ഉന്നയിക്കാന്‍ ആര്‍ക്കും കഴിയുമെന്നും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും എല്‍ദോസ് പ്രതികരിച്ചു

പീഡനക്കേസ്: ഒളിവിന് അവസാനം; എല്‍ദോസ് കുന്നപ്പിള്ളില്‍ മൂവാറ്റുപുഴയില്‍

തിരുവനന്തപുരം: യുവതിയുടെ പീഡനപരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളില്‍ തിരിച്ചെത്തി. മൂവാറ്റുപുഴയിലെ വസതിയിലാണ് എല്‍ദോസ് നിലവിലുള്ളത്. കേസില്‍ ഇന്നലെ എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എ ഒളിവ് ജീവിതം അവസാനിപ്പിച്ചത്.

എന്നാല്‍ ഒളിവിലായിരുന്നു എന്ന ആരോപണം എല്‍ദോസ് നിഷേധിച്ചു. “എല്ലാം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. സത്യം കോടതിയില്‍ തെളിയിക്കും. ആരോപണം ഉന്നയിക്കാന്‍ ആര്‍ക്കും കഴിയും. ഒരു കുറ്റവും ചെയ്തിട്ടില്ല. ആരെയും ഉപദ്രവിക്കാന്‍ ശക്തിയുള്ള ആളല്ല ഞാന്‍,” എല്‍ദോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കെപിസിസിയുമായി ബന്ധപ്പെട്ടെന്നും അധ്യക്ഷന്‍ കെ സുധാകരനുമായി ഇന്നലെ ഫോണില്‍ സംസാരിച്ചെന്നും എല്‍ദോസ് കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിക്ക് വിശദീകരണം നല്‍കാത്തതില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനടക്കമുള്ള നേതാക്കള്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

കേസില്‍ ഈ മാസം 22-ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണമെന്നും അന്വേഷണത്തില്‍ ഒരു തരത്തിലുള്ള ഇടപെടലും നടത്തരുതെന്നതടക്കമുള്ള ഉപാധികളോടെയാണ് തിരുവനന്തപുരം അഡീഷണണല്‍ സെഷന്‍സ് കോടതി എല്‍ദോസിന് ഇന്നലെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

സമൂഹമാധ്യമത്തില്‍ പ്രകോപനമുണ്ടാക്കുന്ന പോസ്റ്റുകളിടരുതെന്നും സംസ്ഥാനം വിട്ടുപോകരുതെന്നും ഫോണും പാസ്‌പോര്‍ട്ടും കോടതിയില്‍ സമര്‍പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തതോടെ എല്‍ദോസ് കുന്നപ്പിള്ളില്‍ മാറിനിന്നത്.

തന്നെ ബലമായി പിടിച്ചുകൊണ്ടുപോയി കോവളത്തുവച്ച് പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയത്. താന്‍ നിരപരാധിയാണെന്നും സുഹൃത്തായിരുന്ന യുവതി തന്റെ ഫോണ്‍ മോഷ്ടിച്ചു കടന്നുകളഞ്ഞെന്നുമാണ് എല്‍ദോസ് കുന്നപ്പിള്ളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്.

ആവശ്യപ്പെട്ട പണം നല്‍കാതിരുന്നതിനെത്തുടര്‍ന്നാണു യുവതി പരാതി നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍, കേസ് പിന്‍വലിക്കാന്‍ എല്‍ദോസ് 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നു യുവതി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Sexual abuse case eldhos kunnappillil back in muvattupuzha

Best of Express