തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ എം.വിന്‍സന്‍റ് എം.എല്‍.എയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിപറയും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് എം. വിൻസന്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ടശേഷമാണ് കോടതി വിധി പറയുന്നത്. പരാതിക്കാരിയായ സ്‌ത്രീയെ രണ്ടു പ്രാവശ്യം വീട്ടിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
നിരന്തരമായി വിന്‍സന്റ് ഭീഷണിപ്പെടുത്തിയപ്പോഴാണ് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചത്. ഭീഷണിപ്പെടുത്തിയ വിവരം വീട്ടമ്മ ചിലരോട് പറഞ്ഞിരുന്നു. ഈ വിവരമറിയാവുന്ന അഞ്ചു പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. സാക്ഷികളുടെ മൊഴികളുടെ സി.ഡിയും പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു.
എം.വിന്‍സന്‍റിന് ജാമ്യം നല്‍കിയാല്‍ ഇരയുടെ ജീവന് ഭീഷണിയാണെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ പറഞ്ഞു. വിന്‍സന്റിനെതിരായ കേസ് രാഷ്‌ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതാണെന്നും പൊലീസ് റിപ്പോര്‍ട്ടിലുള്ളതുപോലെ വീട്ടമ്മയെ രണ്ടു പ്രാവശ്യം പീഡിപ്പിച്ചുവെന്ന് പറയുന്ന സമയങ്ങളില്‍ വിന്‍സന്റ് മണ്ഡലത്തില്‍ പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നുവെന്നും പ്രതിഭാഗം വാദിക്കുന്നു.