തിരുവനന്തപുരം: സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ പി സതീദേവി. ലിംഗനീതി സംബന്ധമായ ബോധവത്കരണം കുട്ടികള്‍ക്ക് നൽകുന്നതിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് പദ്ധതികൾ ആവിഷ്കരിച്ച് കലാലയങ്ങളിൽ നടപ്പാക്കണമെന്നും വനിത കമ്മീഷൻ അധ്യക്ഷ പറഞ്ഞു. പാലാ സെന്റ് തോമസ് കോളേജിൽ സഹപാഠി കൊലപ്പെടുത്തിയ നിതിനയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു പി സതീദേവി.
വിദ്യാർത്ഥികൾക്ക് സെക്സ് എജുക്കേഷൻ നൽകേണ്ട അനിവാര്യതയുണ്ടെന്നും പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് ഇതിനു നടപടികൾ സ്വീകരിക്കണമെന്നും സതീദേവി പറഞ്ഞു.
“പത്ത് പന്ത്രണ്ട് വയസായ കുട്ടികള്‍ വരെ പ്രണയ ബന്ധങ്ങളില്‍ അകപ്പെടുകയാണ്. സാമൂഹ്യമാധ്യമങ്ങളുടെ ഭാഗമായി അബദ്ധജടില ധാരണകളാണ് വ്യാപകമായുള്ളത്. ഇത്തരം ധാരണകളാണ് കുട്ടികളുടെ മനസിലുമുണ്ടാവുന്നത്. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നല്ല രൂപത്തിലുള്ള ബോധവത്കരണം അനിവാര്യമാണ്,” മന്ത്രി പറഞ്ഞു.
ചെറുപ്പക്കാരിൽ ക്രിമിനൽ മനോഭാവം വളരുകയാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. ലൈംഗിക അവബോധം നൽകുന്നത് വഴി യുവാക്കളിലെ ക്രിമിനൽ മനോധാവം ഇല്ലാതാക്കാനാവുമെന്നും അവർ പറഞ്ഞു.
പാലാ സെന്റ് തോമസ് കോളേജിൽ നടന്നത് പോലുള്ള കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും സതീദേവി പറഞ്ഞു. ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ സമാന മനോഭാവക്കാർക്ക് പ്രചോദനമാവുന്നുണ്ടെന്നും ഇത്തരം വിഷയങ്ങളിൽ മാധ്യമങ്ങൾ സദുദ്ദേശപരമായാണ് ഇടപെടേണ്ടതെന്നും സതീദേവി പറഞ്ഞു.