കൊട്ടാരക്കര: കലയപുരം മാർ ഇവാനിയോസ് ബേതാനി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയ്‌ക്ക് പ്രിൻസിപ്പലിന്റെ ക്രൂര മർദ്ദനം. അകാരണമായാണ് കുട്ടിയെ മർദ്ദിച്ചതെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ ശരീരത്തിൽ അടിയേറ്റ ആറ് മുറിവുകളുണ്ട്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ കുട്ടി. രാവിലെ എട്ട് മണിയോടെയാണ് സംഭവം. ക്ലാസിൽ നിന്നും ആബേൽ എന്ന വിദ്യാർത്ഥിയടക്കം നാല് പേരെ പ്രിൻസിപ്പൽ ഇറക്കിക്കൊണ്ടു പോയതായാണ് ആക്ഷേപം. പിന്നീട് പ്രിൻസിപ്പലിന്റെ മുറിയിൽ കുട്ടികളെ കയറ്റിയ ശേഷം മുറി അടച്ചു. വടി ഉപയോഗിച്ച് പ്രിൻസിപ്പൽ ആവർത്തിച്ച് അടിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു.

7.30 മുതൽ 12.30 വരെയാണ് സ്കൂളിലെ ക്ലാസുകൾ. രാവിലെ സ്കൂളിൽ വെള്ളം ഉണ്ടായിരുന്നില്ലെന്ന് വിവരമുണ്ട്. എന്നാൽ ആബേലിനോ, മർദ്ദനമേറ്റെന്ന് പറയപ്പെടുന്ന മറ്റ് കുട്ടികൾക്കോ ഇക്കാര്യത്തിൽ എന്തെങ്കിലും പങ്കുള്ളതായി വിവരമില്ല. മർദ്ദിക്കുന്നത് എന്തിനെന്ന് ചോദിച്ചപ്പോൾ “ഒരു കാരണവുമില്ല, ഒരു വിശദീകരണവും ഇല്ല” (there is no reason and no explanation) എന്നാണ് പ്രിൻസിപ്പൽ പറഞ്ഞതെന്ന് വിദ്യാർത്ഥി പറയുന്നു.

ബേതാനി നവജീവൻ പ്രൊവിൻസിന് കീഴിലാണ് ഈ അൺ-എയ്‌ഡഡ് സ്കൂൾ പ്രവർത്തിക്കുന്നത്. ഫാ.ജോൺ പാലവിലയിലാണ് ഇപ്പോഴത്തെ പ്രിൻസിപ്പൽ. മുൻപ് അധ്യാപക-രക്ഷാകർതൃ സമിതി യോഗങ്ങളിൽ വിദ്യാർത്ഥികളെ മർദ്ദിക്കുന്നതിനെതിരെ രക്ഷിതാക്കൾ പരാതി പറയുന്നത് കേട്ടിരുന്നുവെന്ന് ആബേലിന്റെ പിതാവ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ