കൊല്ലം: കുളത്തൂപുഴയിൽ കാണാതായ ഏഴു വയസ്സുകാരി ശ്രീലക്ഷ്മിയെ കൊന്നത് പീഡനത്തിനുശേഷമെന്ന് കുട്ടിയുടെ ബന്ധു രാജേഷ്. ഇയാൾ കുറ്റം പൊലീസിനോട് സമ്മതിച്ചു. കുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവാണ് രാജേഷ്. ഇന്നലെ രാജേഷിനൊപ്പമാണ് കുട്ടി ട്യൂഷനു പോയത്. ഇതിനുശേഷം ഇരുവരെയും കാണാതാവുകയായിരുന്നു. തുടർന്ന് അമ്മ ഏരൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വ്യാപകമായി അന്വേഷണം നടത്തി. കുട്ടിയുടെയും രാജേഷിന്റെയും ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇന്നലെ രാത്രിയോടെ രാജേഷിനെ കുളത്തൂപുഴയ്ക്ക് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തായത്.

ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുളത്തൂപുഴ ആർപി കോളനിയിലെ റബർ ഷെഡിൽ കുട്ടിയുണ്ടെന്ന് മനസ്സിലായി. എന്നാൽ പൊലീസ് എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ