ആലപ്പുഴ: എടത്വ സെന്റ് അലോഷ്യസ് കോളേജില്‍ അപകടകരമാം വിധം വാഹനം ഓടിച്ച ഏഴ് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച്ചയും വെളളിയാഴ്ച്ചയും ആണ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ കാര്‍ റേസിങ് നടത്തിയത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയയപ്പ് നല്‍കുന്ന പരിപാടിക്കിടെയാണ് കാര്‍ റേസിങ് നടന്നത്. കാറിലും ജീപ്പിലും ബൈക്കുകളിലിലുമായി എത്തിയ വിദ്യാര്‍ഥികള്‍ കോളെജ് വളപ്പിലൂടെ അപകടകരമാം വിധം വണ്ടി ഓടിച്ചു. വിദ്യാര്‍ത്ഥിനികള്‍ അടക്കം കാഴ്ചക്കാരായി നില്‍ക്കെയാണ് വാഹനാഭ്യാസം അരങ്ങറിയത്.

ഫെബ്രുവരി 26നു ബികോം ടാക്‌സ് ആന്‍ഡ് ഫിനാന്‍സ് വിദ്യാര്‍ഥികള്‍ നടത്തിയ അഭ്യാസങ്ങള്‍ക്ക് പിന്നാലെ മാര്‍ച് 1 ന് ബികോം കമ്പ്യൂട്ടര്‍ വിഭാഗം വിദ്യാര്‍ത്ഥികളും അഭ്യാസം ആവര്‍ത്തിച്ചു. വെളളിയാഴ്ച്ച നടന്ന റേസിങ്ങിനിടെ ജീപ്പില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികള്‍ പുറത്തേക്ക് തെറിച്ചു വീണു. തലനാരിഴയ്ക്കാണ് ഇരുവരും വലിയ അപകടമില്ലാതെ രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ വിദ്യാര്‍ത്ഥികള്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ ജില്ലാകളക്ടറടക്കം ഇടപെട്ടതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. എടത്വ പൊലീസ് കോളേജിലെത്തി അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ചോദ്യം ചെയ്തു. തുടര്‍ന്നാണ് ഏഴ് പേരെ അറസ്റ്റ് ചെയ്തത്.

ആറ് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടകരമാം വിധം വാഹനം ഓടിച്ചതിനും ഇന്‍ഷുറന്‍സ് ഇല്ലാത്തതിനും ആണ് പൊലീസ് കേസെടുത്തത്. സ്കൂള്‍ അധികൃതരുടെ സമ്മതം ഇല്ലാതെയാണ് കുട്ടികള്‍ വാഹനവുമായി കോളേജില്‍ എത്തിയതെന്ന് പ്രധാനാധ്യാപകന്‍ പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരന്റെ എതിര്‍പ്പ് മറി കടന്നാണ് വാഹനം കോളേജിന് അകത്ത് പ്രവേശിപ്പിച്ചത്. കോളേജിലെ അച്ചടക്ക സമിതി കുട്ടികള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളെ വിളിച്ച് വരുത്തുകയും ചെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ