പാറ്റ്ന: ജൂനിയർ ഡോക്ടർമാർ നടത്തിയ മിന്നൽ പണിമുടക്കിനെ തുടർന്ന് പാറ്റ്നയിലെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഏഴ് രോഗികൾ മരിച്ചതായി വിവരം. അത്യാഹിത വിഭാഗത്തിലും ഐസിയുവിലുമായാണ് ഗുരുതരാവസ്ഥയിലായിരുന്ന രോഗികൾ മരിച്ചത്.

കഴിഞ്ഞ ആഴ്ച നടന്ന പൊലീസ് അതിക്രമത്തിൽ ചില ഡോക്ടർമാർക്ക് മർദ്ദനമേറ്റതിനെ തുടർന്നാണ് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. നേരത്തേ തന്നെ തങ്ങളെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും അല്ലെങ്കിൽ 24 മണിക്കൂർ സമരം നടത്തുമെന്നും ഇവർ മുന്നറിയിപ്പ് നൽകിയിരുന്നു.

500 ഓളം ഡോക്ടർമാർ പണിമുടക്കിയതോടെ ആശുപത്രിയുടെ പ്രവർത്തനം ആകെ താളം തെറ്റി. നൂറ് കണക്കിന് രോഗികളാണ് ചികിത്സ കിട്ടാതെ വലഞ്ഞത്. ഭൂരിഭാഗം പേരെയും പ്രാദേശിക സർക്കാർ ആശുപത്രികളിലേക്ക് മാറ്റേണ്ടതായി വന്നുവെന്നാണ് ഇവിടെ നിന്നും ലഭിച്ച ഔദ്യോഗിക വിവരം.

“രോഗികളുടെ കൂട്ടിരിപ്പുകാരെല്ലാം ആശങ്കയിലാണെന്ന്” ആശുപത്രിയിലെ ഉയർന്ന ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു. “തീവ്ര പരിചരണ വിഭാഗത്തിലും അത്യാഹിത വിഭാഗത്തിലും എത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർ ഡോക്ടർമാരില്ലാത്തതിനാൽ വളരെയധികം ഭയചകിതരാണ്” അദ്ദേഹം വ്യക്തമാക്കി.

പൊലീസുകാർക്കെതിരെ നടപടിയെടുക്കാതെ പിന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കിയാണ് ഡോക്ടർമാർ സമരം തുടരുന്നത്. മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരായി അനാവശ്യമായി ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ രോഗികളാണ് സമരത്തിന്റെ ഇരകളായി മാറിയത്. ഭൂരിഭാഗം രോഗികളെയും സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ