തിരുവനന്തപുരം: എസ്എന്‍ ട്രസ്റ്റ് ബൈലൊ ഭേദഗതിക്ക് ഹൈക്കോടതി അനുമതി നല്‍കി. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട അംഗത്തെ ട്രസ്റ്റില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. ട്രസ്റ്റ് ബോര്‍ഡ് അംഗം ചെറുന്നിയൂര്‍ ജയപ്രകാശിന്റെ ഹര്‍ജിയിലാണ് കോടതി നടപടി. നിലവില്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട അംഗത്തെ മാറ്റിനിര്‍ത്താന്‍ ബൈലോയില്‍ വ്യവസ്ഥയില്ല. ഇതിനാണ് ഭേദഗതി വരുന്നത്.
കോടതിയുടെ തീരുമാനം എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശന് കടുത്ത തിരിച്ചടിയായിരിക്കുകയാണ്. ട്രെസ്റ്റ് സെക്രട്ടറി കൂടിയായ നടേശന്‍ കണിച്ചുകുളങ്ങര എസ്എന്‍ഡിപി യോഗം യൂണിയന്‍ മുന്‍ സെക്രട്ടറി കെ കെ മഹേശന്‍ മരണപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ്. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം മാരാരിക്കുളം പോലീസാണ് സംഭവത്തില്‍ കേസെടുത്തത്.
എസ്എന്‍ ട്രസ്റ്റ് ബൈലൊ തയാറാക്കിയത് ഹൈക്കോടതിയാണ്. അതിനാല്‍ ഭേദഗതി വരുത്താനുള്ള അധികാരവും ഹൈക്കോടതിക്ക് മാത്രമാണ്. ക്രിമിനല്‍ കേസുകളില്‍ കുറ്റവിമുക്തരാവുന്നത് അംഗങ്ങള്‍ ട്രസ്റ്റ് ഭാരവാഹികളായി തുടരാന്‍ പാടില്ലെന്നാണ് ഉത്തരവ്. കുറ്റവിമുക്തരായാല്‍ തിരിച്ചുവരുന്നതിന് മറ്റ് തടസങ്ങളുണ്ടാകില്ല. എന്നാല്‍ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മാത്രം ഭാരവാഹികളെ പുറത്താക്കാന്‍ കഴിയില്ലെന്നാണ് വിവരം.