തിരുവനന്തപുരം: ഹാരിസണ്‍ മലയാളം കേസിലെ വിധി നിരാശാജനകമാണെന്ന് വി.എസ്.അച്യുതാനന്ദന്. ‘കേരളത്തിന്റെ ഭൂമി ഹാരിസണ്‍ അനധികൃതമായി കൈവശം വച്ചതാണെന്നും, ഭൂമി കൈമാറ്റത്തിനായി ചമച്ച ആധാരങ്ങള്‍ കൃത്രിമമാണെന്നും വിജിലന്‍സ് കണ്ടെത്തിയതാണ്. 1999 മുതല്‍ സര്‍ക്കാര്‍ ആറ് കമ്മീഷനുകളെ നിയോഗിച്ചിരുന്നു. എല്ലാ കമ്മീഷനുകളും കണ്ടെത്തിയത് ഹാരിസണ്‍ കൈവശം വച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയാണെന്നും, അത് തിരിച്ചു പിടിക്കണമെന്നുമാണ്. ഇത്തരം നിരവധി രേഖകളും തെളിവുകളുമുണ്ടായിട്ടും സര്‍ക്കാരിന്റെ കേസ് പരാജയപ്പെട്ടത് ഗൗരവമായി പരിശോധിക്കണം.
എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ആസൂത്രണം ചെയ്യണം. കണ്ണന്‍ദേവന്‍ ആക്ട് പോലെ, ആവശ്യമെങ്കില്‍ അതിനായി നിയമനിര്‍മ്മാണം നടത്തുന്ന കാര്യവും ആലോചിക്കണം – വിഎസ് ആവശ്യപ്പെട്ടു.
ഹാരിസൺ മലയാളം ലിമിറ്റഡ് കമ്പനിയുമായി ബന്ധപ്പെട്ട കേസില്‍ നടക്കുന്നത് സര്‍ക്കാരും കമ്പനിയും തമ്മിലുള്ള ഒത്തുകളിയെന്ന് മുന്‍ സ്പെഷല്‍ പ്ലീഡര്‍ സുശീലാ ഭട്ട് ആരോപിച്ചു രംഗത്തെത്തിയിട്ടുണ്ട്. “പതിറ്റാണ്ടുകളായി രാജ്യത്തെയും വ്യവസ്ഥിതിയേയും വഞ്ചിച്ചുകൊണ്ട് ഭൂമി കൈവശപ്പെടുത്തിയിരിക്കുന്ന കമ്പനിക്ക് അനായാസം സര്‍ക്കാരിനെ സ്വാധീനിക്കാനും. അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ സാധിച്ചെടുക്കാനും കഴിയും. കഴിഞ്ഞ 60 വര്‍ഷമായ് അവര്‍ ചെയ്യുന്നത് ഇത് തന്നെയാണ്.” ഹാരിസൺ മലയാളം ലിമിറ്റഡ് കമ്പനിയുടെ ഭൂമി സർക്കാർ ഏറ്റെടുക്കുന്നത് റദ്ദാക്കികൊണ്ടുള്ള ഹൈക്കോടതി വിധിക്ക് ശേഷം ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിനോട് സംസാരിക്കുകയായിരുന്നു സുശീലാ ഭട്ട്.
“കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി രാജ്യത്തേയും വ്യവസ്ഥിതിയേയും വഞ്ചിച്ചുകൊണ്ട് ഭൂമി കൈവശം വയ്ക്കുന്നവരാണിവര്‍. സര്‍ക്കാരിനെ സ്വാധീനിക്കുകയെന്നത് അവര്‍ക്ക് വളരെ അനായാസമായ കാര്യമാണ്. 60 വര്‍ഷമായി നടക്കുന്നത് ഈ ഒത്തുകളിയാണ്. അത് തന്നെയാണ് ഇന്നും നടന്നത്,” സുശീലാ ഭട്ട് പറഞ്ഞു.
2016 ജൂലൈ പതിനാറിനാണ് സുശീലാ ഭട്ടിനെ റവന്യൂ സ്പെഷല്‍ പ്ലീഡര്‍ സ്ഥാനത്ത് നിന്നും മാറ്റുന്നത്. ഹാരിസണ്‍- ടാറ്റ അടക്കമുള്ള പല കേസുകളിലും സര്‍ക്കാരിന്റെ ഭാഗം വിജയിപ്പിച്ച അഭിഭാഷകയാണ് സുശീലാ ഭട്ട്. കേസില്‍ നിന്നും സുശീലാ ഭട്ടിനെ മാറ്റിയത് ഏറെ രാഷ്ട്രീയ വിവാദമായിരുന്നു.