തിരുവനന്തപുരം: സിഇടി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥി രതീഷ് കുമാറി(19)ന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. ഉള്ളൂര്‍ നീരാഴി ലെയ്നില്‍ സരസ് വീട്ടില്‍ താമസിക്കുന്ന നെയ്യാറ്റിന്‍കര വിശാഖത്തില്‍ രതീഷ് കുമാറിനെ കോളേജിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്.
ഒന്നാംവര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ രതീഷിനു കഞ്ചാവ് വില്‍പ്പന സംഘത്തിന്റെ ഭീഷണിയുണ്ടായിരുന്നെന്നു ബന്ധുക്കളും സഹപാഠികളും ആരോപിച്ചു. നേരത്തെ രതീഷിനു കഞ്ചാവ് വില്‍പ്പന സംഘത്തില്‍നിന്നു മര്‍ദനമേറ്റിരുന്നു.
രതീഷിന്റെ ഇന്‍ക്വസ്റ്റ് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നടത്തണമെന്നു ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അതേസമയം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.
കോളേജിലെ സെക്യൂരിറ്റി ജീവനക്കാരാണു മൃതദേഹം ആദ്യം കണ്ടത്. കോളേജിലെ ശുചിമുറി ഉള്ളില്‍നിന്ന് പൂട്ടിയതു കണ്ട സെക്യൂരിറ്റി ജീവനക്കാര്‍ പൂട്ടുപൊളിച്ച് കയറിയപ്പോഴാണു മൃതദേഹം കണ്ടത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. വെള്ളിയാഴ്ച മുതല്‍ രതീഷിനെ കാണാനില്ലായിരുന്നു. ഇതേത്തുടര്‍ന്നു വിദ്യാര്‍ഥികളും പൊലീസും കോളജിലും പരിസരത്തും പരിശോധന നടത്തിയിരുന്നു.
അമ്മ മരിച്ച രതീഷ്‌കുമാര്‍ മാതൃസഹോദരി ഗിരിജയുടെ സംരക്ഷണത്തിലായിരുന്നു.
വെള്ളിയാഴ്ച ഒന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ രാവിലെ ഒന്‍പതോടെയാണു രതീഷ് കോളേജിലെത്തിയത്. പരീക്ഷ കഴിഞ്ഞ് കൂട്ടിക്കൊണ്ടുപോകാന്‍ ഗിരിജ എത്തിയപ്പോഴാണു രതീഷിനെ കാണാനില്ലെന്ന് അറിഞ്ഞത്.
പരീക്ഷ അവസാനിക്കുന്നതിന് മുക്കാല്‍ മണിക്കൂര്‍ മുന്‍പ് രതീഷ് ക്ലാസില്‍നിന്നു പോയെന്നാണു സഹപാഠികള്‍ പറഞ്ഞത്. ഇതേത്തുടര്‍ന്ന് ഗിരിജ വെള്ളിയാഴ്ച ശ്രീകാര്യം പോലീസില്‍ പരാതി നല്‍കിയിരുന്നു.