തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകരെ നിന്ദിക്കുന്ന പ്രവണതയെ സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ വൈറസ് കൂടുതല്‍ വ്യാപന ഭീഷണിയുയര്‍ന്ന കാസര്‍ഗോഡ് ജില്ലയ്ക്കുവേണ്ടി പ്രത്യേക ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ചുമതലപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സഹായസഹകരണങ്ങള്‍ നല്‍കാനുള്ള ഉത്തരവാദിത്തം സമൂഹത്തിന്റേതാണ്. പല ഘട്ടങ്ങളിലും അവരെ പരിഹസിക്കുന്നതായുള്ള ആക്ഷേപം വന്നിട്ടുണ്ട്. അത്തരം പ്രവണത നല്ലതല്ല. ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നിന്ദിക്കരുത്.

കാസര്‍ഗോഡ് ജില്ലയില്‍ പഞ്ചായത്ത്തല ഡേറ്റാ എടുത്ത് പെട്ടെന്നുതന്നെ പരിശോധനയ്ക്ക് അയക്കും. ചുമയും പനിയും ഉള്ളവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും പട്ടിക തയാറാക്കും. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ കോവിഡ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുകയാണ്. കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ സാമ്പിള്‍ പരിശോധനയ്ക്ക് ഐസിഎംആര്‍ അനുമതി ലഭിച്ചിട്ടുണ്ട്. കോവിഡ്-19 സ്ഥിരീകരിക്കുന്നതു സംബന്ധിച്ച പരിശോധനയില്‍ നല്ല പുരോഗതിയുണ്ട്. ലാബുകള്‍ കൂടുതല്‍ സാമ്പിള്‍ എടുക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലും മറ്റുമുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ രോഗഭീതിയില്‍ വിളിക്കുന്നുണ്ട്. മറ്റു രാഷ്ട്രങ്ങളിലും കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരില്‍ മലയാളി സാന്നിധ്യമുണ്ട്. അവരുടെ സുരക്ഷയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തും.

ഡല്‍ഹി നിസാമുദ്ദീനിലും മലേഷ്യയിലും നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവര്‍ രോഗബാധയുണ്ടായതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊലീസ് വിശദമായ പരിശോധന നടത്തിയിട്ടുണ്ട്. പങ്കെടുത്തവരുടെ പട്ടിക കലക്ടര്‍മാര്‍ മുഖേന നല്‍കി മുന്‍കരുതല്‍ എടുത്തിട്ടുമുണ്ട്.

സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്കാണു കോവിഡ്-19 സ്ഥിരീകരിച്ചപ്പോള്‍ ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ മരിച്ചു. കാസര്‍ഗോഡും തിരുവനന്തപുരത്തും രണ്ടു പേര്‍ക്ക് വീതവും കണ്ണൂര്‍, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഓരോ ആള്‍ക്കു വീതവുമാണു രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നയാളാണു മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണം രണ്ടായി. സംസ്ഥാനത്ത് ഇതുവരെ 241 പേര്‍ക്കാണു രോഗബാധ സ്ഥിരീകരിച്ചത്. 215 പേരാണ് ചികിത്സയിലുള്ളത്. 24 പേര്‍ രോഗമുക്തി നേടി.

കാസര്‍ഗോഡ് ജില്ലയിലെ ആശുപത്രികളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത്- 163 പേര്‍. കണ്ണൂരില്‍ 108 പേരും മലപ്പുറത്ത് 102 പേരും ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് മാസ്‌കുകളുടെ കാര്യത്തില്‍ ദൗര്‍ലഭ്യമില്ല. എന്‍ 95 മാസ്‌ക് രോഗികളുമായി നേരിട്ടു ബന്ധപ്പെടുന്നവര്‍ക്കു മാത്രം മതി എന്നത് ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.