കോതമംഗലം: പണമിടപാട് തര്‍ക്കത്തെ തുടര്‍ന് സംവിധായകനെ സഹനിര്‍മാതാവ് കഴുത്തറത്ത് കൊന്ന ശേഷം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. കോതമംഗലത്തെ സ്വകാര്യ ലോഡ്ജില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. സീരിയല്‍, ടെലിഫിലിം സംവിധായകന്‍ പെരുമ്പാവൂര്‍ കുറുപ്പംപടി കൊമ്പനാട് സ്വദേശി പിടക്കക്കുടി ജയകൃഷണൻ (ജയൻ കോന്പനാട് 29 വയസ്) ആണ് കൊലപ്പെട്ടത്. നേര്യമംഗലം പുതുക്കുന്നേൽ സിൽവർ ജോബി എന്നയാളാണ് പൊലീസിൽ കീഴടങ്ങിയത്.

കോതമംഗലം ബസ് സ്റ്റാന്‍ഡിനു പിന്നിലെ മാര്‍ക്കറ്റിനു സമീപം ബൈപ്പാസ്-ലിങ്ക് റോഡരികില്‍ ഇവര്‍ ഒരുമിച്ച് താമസിച്ചിരുന്ന ഫ്‌ളാറ്റിലായിരുന്നു കൊലപാതകം. പെരുമ്പാവൂര്‍ വേങ്ങൂര്‍ കൊമ്പനാട് പടിക്കക്കുടി പരേതനായ കൃഷ്ണന്റെയും നളിനിയുടെയും മകനാണ് കൊല്ലപ്പെട്ട ജയകൃഷ്ണന്‍ (ജയന്‍). തല മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹം. തലയിലും കഴുത്തിലും ഉള്‍പ്പെടെ ആഴത്തിലുള്ള 19 മുറിവുകളുണ്ടെന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന സി.ഐ. വി.ടി. ഷാജന്‍ പറഞ്ഞു.

ജയന്റെ പുതിയ പ്രൊജക്ടിലെ ക്യാമറാമാനും സഹ നിര്‍മാതാവുമാണ് ജോബി. ഷോര്‍ട്ട് ഫിലിം നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരു മാസത്തോളമായി ഇരുവരും ലോഡ്ജില്‍ ഒരുമിച്ച് താമസിച്ച് വരികയായിരുന്നുവെന്നാണ് അറിയുന്നത്. പുണ്യാളന്റെ നേര്‍ച്ചകോഴി എന്ന ടെലിഫിലിം ആണ് ഇവര്‍ നിര്‍മിച്ചത്. സംഭവ ദിവസം രാത്രി 10 മണിയോടെ ഇവര്‍ താമസിച്ചിരുന്ന ലോഡ്ജില്‍ നിന്നും ഒച്ചപ്പാടും ബഹളവും കേട്ടിരുന്നതായി സമീപ വാസികള്‍ പറഞ്ഞു. പ്രതി ജോബിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി കോതമംഗലം സി ഐ അറിയിച്ചു.

കോതമംഗലം റവന്യു ടവറില്‍ സ്റ്റുഡിയോ നടത്തുന്ന ജോബി ഭാര്യയെ മര്‍ദിച്ചതിനും മുന്‍പ് പോലീസ് പിടിയിലായിട്ടുണ്ട്. കൂടാതെ വാഹന തട്ടിപ്പും ക്രിമിനല്‍ കേസുകളുമുള്‍പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ജോബി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ