തിരുവനന്തപുരം: ടിപി സെൻകുമാറിനെ വീണ്ടും ക്രമസമാധാന ചുമതലയുള്ള ഡിജിപി ആയി നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ പുതിയ വാദവുമായി സംസ്ഥാന സർക്കാർ. സെൻകുമാറിന്റെ നിയമനം പൊലീസ് സേനയുടെ തലവനായിട്ടായിരുന്നുവെന്നും പൊലീസ് സേനയുടെ മേധാവിയായിരുന്നില്ലെന്നുമാണ് സർക്കാർ ഉന്നയിക്കുന്ന പുതിയ വാദം. സർക്കാർ ഉത്തരവുകളിലെ ഹെഡ്, ചീഫ് എന്നീ വാക്കുകളിൽ പിടിച്ചാണ് സർക്കാർ സുപ്രീം കോടതിയിൽ റിവ്യു ഹർജി സമർപ്പിക്കുന്നത്.

വിധിയിൽ വ്യക്തത വേണമെന്ന ആവശ്യത്തിലാണ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്. എന്നാൽ ഇതിനോടൊപ്പം സെൻകുമാറിന്റെ നിയമനത്തെ എതിർക്കാനുള്ള ശ്രമവും സർക്കാരിന്റെ ഭാഗത്ത്് നിന്നുണ്ടാകും.

2015 മെയ് 22 ന് സെൻകുമാറിന് നൽകിയ ഉത്തരവിൽ ഡിജിപി ആന്റ് ഹെഡ് ഓഫ് പൊലീസ് ഫോഴ്സ് എന്നാണ് പറഞ്ഞിരിക്കുന്നത്. തസ്തിക ഡിജിപി ആന്റ് സ്റ്റേറ്റ് പൊലീസ് ചീഫ് എന്നിരിക്കെ സെൻകുമാറിന്റെ നിയമനത്തിൽ അവ്യക്തതയുണ്ടെന്നാണ് സർക്കാരിന്റെ വാദം. പൊലീസ് നിയമത്തിലെ 18ാം വകുപ്പ് പ്രകാരം ഇദ്ദേഹത്തിന്റെ നിയമനത്തിൽ തിരഞ്ഞെടുപ്പ് സമിതിയുണ്ടായിരുന്നില്ലെന്ന് സർക്കാർ വാദത്തിലുണ്ട്.

കഴിഞ്ഞ യുഡിഎഫ് സർക്കാർ നൽകിയ ഉത്തരവിൽ പറയുന്ന തസ്തികയിലല്ല ഇപ്പോൾ ക്രമസമാധാന ചുമതലയുള്ള ഡിജിപി വഹിക്കുന്നതെന്ന വാദമാണ് സർക്കാരിന്റേത്. ലോക്നാഥ് ബെഹ്റ സംസ്ഥാന പൊലീസ് മേധാവിയായ ഡിജിപി ആണ്. അതേസമയം സെൻകുമാറിന് നിയമനം നൽകിയത് പൊലീസ് സേനയുടെ തലവൻ ആയിട്ടാണ്.

സെൻകുമാറിന് നിയമനം നൽകണമെന്ന മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയ ശേഷവും സർക്കാർ നീക്കങ്ങൾ എതിർദിശയിലാണ്.  സുപ്രീം കോടതി ഉത്തരവിനെ ഏത് വിധേനയും മറികടക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ