ന്യൂഡൽഹി: ടിപി സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമിക്കണമെന്ന വിധിയിൽ വ്യക്തത തേടിയ സര്‍ക്കാരിന് സുപ്രിംകോടതിയില്‍ കനത്ത തിരിച്ചടി. വിധിയില്‍ വ്യക്തത തേടിയ ഹർജി കോടതി തള്ളി. സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ സര്‍ക്കാരിന് കോടതി നോട്ടീസും അയച്ചു. 25,000 രൂപ കോടതിച്ചെലവ് സര്‍ക്കാര്‍ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. കോടതിയുടെ സമയം പാഴാക്കിയതിനാണ് പിഴയിട്ടത്.
സംസ്ഥാന പൊലീസ് മേധാവിയായല്ല സെന്‍കുമാറിനെ നിയമിച്ചതെന്നും പൊലീസ് വകുപ്പിന്റെ തലവനായാണ് നിയമിച്ചതെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. അതിനാൽ പൊലീസ് ആക്ട് പ്രകാരം പൊലീസ് മേധാവിയായാണോ പുനർനിയമനം നൽകേണ്ടതെന്നതിൽ വ്യക്തത വരുത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വ്യക്തമായ വിധി പുറപ്പെടുവിച്ചിട്ടും വ്യക്തത തേടിയത് എന്തിനാണെന്ന് കോടതി നോക്കിക്കണ്ടു. കോടതിയെ കളിയാക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് സെന്‍കുമാറിന്റെ അഭിഭാഷകന് വാദിച്ചു. ഇത് പൂര്‍ണമായും സ്വീകരിച്ച രീതിയിലാണ് സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചത്.
കഴിഞ്ഞ 24 നാണ് ടിപി സെൻകുമാറിന് അനുകൂലമായി കോടതി വിധി വന്നത്. ഇതിന് മുൻപ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും പിന്നീട് ഹൈക്കോടതിയിലും ടിപി സെൻകുമാർ കേസ് തോറ്റിരുന്നു. യുഡിഎഫ് സർക്കാർ 2015 മെയ് 22 ന് ഡിജിപി ആയി നിയമിച്ച സെൻകുമാറിനെ ഇടത് സർക്കാർ അധികാരത്തിലേറി 2016 മെയ് 27 ന് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇനി ദിവസങ്ങൾ മാത്രമാണ് സെൻകുമാറിന്റെ സർവ്വീസ് കാലാവധി ശേഷിക്കുന്നത്.