കണ്ണൂര്‍: സെൻകുമാറിനെ ഡിജിപി സ്ഥാനത്ത് പുനര്‍ നിയമിക്കണമെന്ന സുപ്രീംകോടതി വിധി പൂര്‍ണമായും പുറത്തുവന്നതിന് ശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ വിധിയുടെ ചെറിയ ഭാഗം മാത്രമാണെന്ന് പുറത്തുവന്നതെന്നും വിധി പരിശോധിച്ച് നിയമപരമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഡിജിപി ലോക്നാഥ് ബെഹ്റയുമായി കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയും കൂടിക്കാഴ്ച്ചയില്‍ വ്യക്തമാക്കി.

ഡിജിപി സ്ഥാനത്ത് നിന്നും സെന്‍കുമാറിനെ മാറ്റിയത് അംഗീകരിക്കാനാവില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ വിധി. ജിഷ വധക്കേസ്, പുറ്റിങ്ങൽ കേസ് എന്നിവ പറഞ്ഞ് സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്നും മാറ്റാൻ കഴിയില്ല. സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയതിനെ ചോദ്യം ചെയ്ത് ഡിജിപി: ടി.പി.സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.

സർക്കാരിന്റെ ഭരണപരമായ തീരുമാനമാണെന്ന് അറിയിച്ചിരുന്നുവെങ്കിലും അത് തളളിയാണ് കോടതി സെൻകുമാറിനെ മാറ്റിയ സർക്കാർ തീരുമാനത്തിനെതിരെ വിധിപറഞ്ഞതന്നാണ് ആദ്യ വിവരം. കഴിഞ്ഞ വർഷം ജൂൺ ഒന്നിനാണ് ഡി ജിപി സ്ഥാനത്തു നിന്നും സെൻകുമാറിനെ മാറ്റാൻ പിണറായി വിജയൻ സർക്കാർ തീരുമാനിച്ചത്. പിന്നീട് ലോക്‌നാഥ് ബെഹ്‌റയെ ഡിജിപിയായി നിയമിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ