തിരുവനന്തപുരം: ഇപ്പോള്‍ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ഹിരണ്യ കശുപു ആണെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. തിരുവനന്തപുരത്ത് നടക്കുന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ ‘വിജയ് സങ്കല്പി’ല്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹിരണ്യ കശുപു കേരളം ഭരിക്കുന്നതിന്റെ ഫലമായിട്ടാണ് താനിപ്പോള്‍ ബിജെപി വേദിയില്‍ നിന്ന് പ്രസംഗിക്കുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു. കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങളില്‍ ബിജെപിക്കായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ സാധിച്ചതും അതിനാലാണെന്ന് സെന്‍കുമാര്‍ പറഞ്ഞു.
“ഈ ഹിരണ്യ കശുപുവിന്റെ ഭരണത്തിലാണ് കേരളത്തില്‍ ഓഖിയും നിപയും പ്രളയവും ഉണ്ടായത്. എല്ലാ ഡാമുകളും ഒന്നിച്ച് തുറന്നു വിട്ടാണ് പ്രളയം ഉണ്ടാക്കിയത്. പ്രളയത്തില്‍ ഇരകളായവര്‍ക്ക് ഈ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തോ. ഓഖി വന്നപ്പോള്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ സാരിത്തുമ്പിലാണ് ജനങ്ങള്‍ ആശ്രയം തേടിയത്. പിണറായി വിജയന് എത്തിനോക്കിയതു പോലുമില്ല. വടിവാളിനിടയില് കൂടി നടന്നു പോയെന്നൊക്കെ മുഖ്യമന്ത്രി പറയുന്നുണ്ട്. ബ്രന്നന്‍ കോളേജില്‍ പിണറായി വിജയന് പഠിക്കുമ്പോള്‍ എബിവിപി ഉണ്ടായിരുന്നില്ല” – സെന്‍കുമാര്‍ തിരുവനന്തപുരത്ത് പ്രസംഗിച്ചു.

പലയിടത്ത് പോകുമ്പോഴും, ജനങ്ങളോട് സംസാരിക്കുമ്പോഴും ഒരു കാര്യം മനസിലായി. 2021 ആകുമ്പോള്‍ 75 മുതല്‍ 80 സീറ്റുകള്‍ വരെ നേടി ബിജെപി അധികാരത്തിലെത്തും. ബാങ്കുകളെ കൊള്ളയടിച്ച് ആര്‍ക്കും രക്ഷപ്പെടാന്‍ സാധിക്കാത്ത സാഹചര്യമാണ് മോദി ഭരണത്തിലുള്ളതെന്ന് സെന്‍കുമാര്‍ പറഞ്ഞു. ബാങ്കുകളെ കൊള്ളയടിച്ച് കടന്നു കളയുന്നവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് മോദി സർക്കാർ നടത്തുന്നതെന്നും സെൻകുമാർ കൂട്ടിച്ചേർത്തു.
Read More: വിവാദ പ്രസംഗം: ശ്രീധരൻ പിളളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്