മംഗലാപുരം: പ്രമുഖ മാധ്യമപ്രവർത്തകൻ ടിവിആർ ഷേണായ് അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മംഗലാപുരം മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് വൈകിട്ട് 7.30 യോടെയാണ് അന്ത്യശ്വാസം വെടിഞ്ഞത്. എറണാകുളം ചെറായി സ്വദേശിയായ ഇദ്ദേഹം ദീർഘകാലം മലയാള മനോരമയുടെ ഡൽഹി ബ്യൂറോ ചീഫായി പ്രവർത്തിച്ചിരുന്നു.

കാൽ പതിറ്റാണ്ടോളം ഡൽഹിയിൽ മനോരമ ദിനപത്രത്തിന്റെ ചുമതലയിലുണ്ടായിരുന്നു. പിന്നീട് ദി വീക്ക് വാരികയുടെ എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചു. ദി ഇന്ത്യൻ എക്‌സ്‌പ്രസിലൂടെയായിരുന്നു അദ്ദേഹം മാധ്യമപ്രവർത്തനം ആരംഭിച്ചത്. പിൽക്കാലത്ത് സൺഡേ മെയിലിനൊപ്പവും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

നീണ്ട അഞ്ച് പതിറ്റാണ്ട് കാലത്തെ മാധ്യമപ്രവർത്തന പരിചയമുണ്ടായിരുന്ന ടിവിആർ ഷേണായ് രാജ്യത്തെ ഏറ്റവും മുതിർന്ന മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു. രാഷ്ട്രീയ-സാമ്പത്തിക നിരീക്ഷകൻ എന്ന നിലയിൽ മാധ്യമപ്രവർത്തന രംഗത്ത് ശ്രദ്ധേയമായ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം.

വിരമിച്ച ശേഷം നിരവധി അന്തർദേശീയ മാധ്യമങ്ങളിലടക്കം അദ്ദേഹം കോളങ്ങൾ കൈകാര്യം ചെയ്തിരുന്നു. 2003 ൽ പത്മവിഭൂഷൺ നേടിയ ഇദ്ദേഹത്തിനെ മൊറോക്കോ രാജാവ്, അലാവിറ്റ കമ്മാന്റർ ഓഫ് വിസ്‌ഡം പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ