കൊച്ചി: പ്രമുഖ മാധ്യമപ്രവര്‍ത്തക ലീലാ മേനോന്‍ നിര്യാതയായി. 86 വയസായിരുന്നു. രാത്രി 8.30 ഓടെ കൊച്ചിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു.  ഇന്ത്യയിലെ മുന്‍നിര പത്രപ്രവര്‍ത്തകരില്‍ പ്രമുഖയായിരുന്നു ലീലാ മേനോന്‍. ക്യാന്‍സറിനെ ഇച്ഛാശക്തിയാല്‍ പൊരുതി തോല്‍പ്പിച്ച് ജീവിതത്തില്‍ മുന്നേറിയതാണ് ലീലാ മേനോന്‍റെ ജീവിതം.

മാധ്യമ പ്രവര്‍ത്തനം നടത്താന്‍ സ്ത്രീകള്‍ മടിച്ചിരുന്ന കാലത്ത് ധൈര്യസമേതം കടന്നു വന്ന് ശ്രദ്ധ നേടി. ലോകമറിയുന്ന മാധ്യമപ്രവര്‍ത്തകയായിരുന്ന അവര്‍.  ഇന്ത്യന്‍ എക്സ്പ്രസിലായിരുന്നു മാധ്യമപ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നത്. ‘നിലയ്ക്കാത്ത സിംഫണി’ ആത്മകഥയാണ്. ‘ഹൃദയപൂര്‍വ്വം’ എന്ന പേരില്‍ ലേഖനകളുടെ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനു സമീപം വെങ്ങോലയില്‍ തുമ്മാരുകുടി ജാനകിയമ്മയുടേയും പാലക്കോട്ട് നീലകണ്‌ഠന്‍ കര്‍ത്താവിന്‍റെയും ഇളയ മകളായി 1932 നവംബര്‍ 10 നാണ് ജനനം. വെങ്ങോല പ്രൈമറി സ്‌കൂള്‍, പെരുമ്പാവൂര്‍ ബോയ്സ് സ്‌കൂള്‍, നൈസാം കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. 1949ല്‍ പോസ്റ്റ ഓഫീസില്‍ ക്ളര്‍ക്ക്, ടെലിഗ്രാഫിസ്റ്റ് എന്നീ നിലകളില്‍ 1978വരെ അവിടെ ജോലി ചെയ്തു.

ജേർണലിസത്തില്‍ ഗോള്‍ഡ് മെഡലിസ്റ്റായിരുന്നു. പരേതനായ മുണ്ടിയാത്ത് വീട്ടില്‍ മേജര്‍ ഭാസ്‌കര മേനോനാണ് ഭര്‍ത്താവ്.

ഇന്ത്യൻ എക്‌സ്പ്രസിന്‍റെ ഡൽഹി, കൊച്ചി എഡീഷനുകളിൽ സബ്‌ എഡിറ്ററായും പിന്നീട്‌ കോട്ടയം ബ്യൂറോ ചീഫ്‌ ആയും പ്രവർത്തിച്ചു. പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ്‌ ആയിരുന്ന അവര്‍  2000ൽ അവിടെ നിന്നും  രാജിവച്ച്‌ പിരിഞ്ഞു. ഔട്ട്‌ലുക്ക്, ദി ഹിന്ദു, വനിത, മാധ്യമം, മലയാളം, മുതലായവയിൽ കോളമിസ്‌റ്റ്‌ ആയി. ജന്മഭൂമി പത്രത്തില്‍ 2007 മുതല്‍ എഡിറ്ററായിരുന്നു. ഇപ്പോള്‍ പത്രത്തിന്‍റെ എഡിറ്ററാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.