മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. പത്മനാഭൻ നായർ അന്തരിച്ചു

‘കുഞ്ചുകുറുപ്പും പ്രഹ്ലാദനും’, സഹോദരൻ അടൂർ ഭാസിയുടെ ജീവചരിത്രം ‘എന്റെ ഭാസിയണ്ണൻ’, ഭാസിയെക്കുറിച്ചുള്ള ‘നാടകാന്തം ഭാസ്യം’, ‘ഭാസുരം ഹാസ്യം’, കുട്ടികളുടെ നാടകങ്ങളായ ‘കുഞ്ഞലകൾ’, ‘കുഞ്ഞാടുകൾ’ തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങൾ

കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകനും മനോരമ വാരിക മുൻ പത്രാധിപരും എഴുത്തുകാരനും നാടകപ്രവർത്തകനുമായ കെ. പത്മനാഭൻ നായർ (പത്മൻ) നിര്യാതനായി. 90 വയസായിരുന്നു. വിഖ്യാത സാഹിത്യകാരൻ സി.വി.രാമൻപിള്ളയുടെ മകൾ മഹേശ്വരിയമ്മയുടെയും ഹാസ്യസാമ്രാട്ട് ഇ.വി. കൃഷ്ണപിള്ളയുടെയും മകനാണ്. പ്രശസ്ത നടൻ അടൂർ ഭാസി, ചലച്ചിത്ര പ്രവർത്തകൻ ചന്ദ്രാജി എന്നിവർ സഹോദരരാണ്.

മലയാളത്തിലാദ്യമായി കുട്ടികളുടെ നാടകവേദി എന്ന ആശയം നടപ്പാക്കിയത് പത്മനാണ്. കേരള പത്രപ്രവർത്തക യൂണിയൻ മലയാള മനോരമ യൂണിറ്റിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. പത്രപ്രവർത്തക യൂണിയൻ കോട്ടയം ജില്ലാ ഭാരവാഹിയായും പ്രസ് ക്ലബ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

1930 ൽ ജനിച്ച പത്മനാഭൻ നായർ അടൂർ ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി ഇന്റർമീഡിയറ്റ് കോളജ്, പന്തളം എൻഎസ്എസ് കോളജ് എന്നിവിടങ്ങളിലാണ് ഉപരിപഠനം നടത്തിയത്. മലയാള മനോരമയിലൂടെയാണ് പത്രപ്രവർത്തന ജീവിതത്തിന്റെ തുടക്കം. കുഞ്ചുക്കുറുപ്പ് എന്ന പോക്കറ്റ് കാർട്ടൂണിന് 35 വർഷം അടിക്കുറിപ്പെഴുതി. ദീർഘകാലം മലയാള മനോരമയിലെ പ്രാദേശിക വാർത്താ വിഭാഗം മേധാവിയായിരുന്നു.

മനോരമ വാരികയിലെ അദ്ദേഹത്തിന്റെ ‘പ്രഹ്ലാദൻ സംസാരിക്കുന്നു’ എന്ന ചോദ്യോത്തര പംക്തി പിൽക്കാലത്ത് കേരള സാക്ഷരതാ മിഷൻ പുസ്തകമാക്കി. പത്രത്തിൽനിന്നു വിരമിച്ച ശേഷം മനോരമ വാരികയുടെ പത്രാധിപരായി. പത്മന്റെ പിതാവ് ഇ.വി കൃഷ്ണപിള്ളയാണ് മനോരമ വാരികയുടെ സ്ഥാപക പത്രാധിപർ. ചുമതലയേറ്റ് ഒരു വർഷത്തിനുള്ളിൽ വാരികയുടെ പ്രചാരം 14 ലക്ഷത്തിൽ എത്തിച്ചു. ഇത് മലയാള പ്രസിദ്ധീകരണ രംഗത്ത് റെക്കോർഡാണ്. 2001 ഡിസംബർ 31 ന് മനോരമയിൽനിന്ന് വിരമിച്ചു.

1961 ലാണ് കുട്ടികളുടെ നാടകവേദി രൂപീകരിച്ചത്. പത്മൻ എഴുതി സഹോദരൻ അടൂർ ഭാസി സംവിധാനം ചെയ്ത ‘വിടരുന്ന മൊട്ടുകൾ’ എന്ന നാടകം കേരളത്തിലുടനീളം അവതരിപ്പിക്കപ്പെട്ടു. ഇന്ദിരഗാന്ധിയായിരുന്നു ഉദ്ഘാടനം. നാടകത്തിൽ പത്മൻ തന്നെ രചിച്ച് ഈണം നൽകിയ ഗാനങ്ങൾ പ്രസിദ്ധമാണ്. മനോരമയിൽനിന്നു വിരമിച്ച ശേഷം, വിടരുന്ന മൊട്ടുകൾ വീണ്ടും അരങ്ങിലെത്തിച്ചു.

‘കുഞ്ചുകുറുപ്പും പ്രഹ്ലാദനും’, സഹോദരൻ അടൂർ ഭാസിയുടെ ജീവചരിത്രം ‘എന്റെ ഭാസിയണ്ണൻ’, ഭാസിയെക്കുറിച്ചുള്ള ‘നാടകാന്തം ഭാസ്യം’, ‘ഭാസുരം ഹാസ്യം’, കുട്ടികളുടെ നാടകങ്ങളായ ‘കുഞ്ഞലകൾ’, ‘കുഞ്ഞാടുകൾ’ തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങൾ.

ഭാര്യ: കോട്ടയം മഠത്തിൽ പറമ്പിൽ കുടുംബാംഗം പരേതയായ വിമലാദേവി. മക്കൾ: ചിത്ര, ലക്ഷ്മി, ജയകൃഷ്ണൻ നായർ (സ്പെഷ്യൽ കറസ്പോണ്ടൻ്റ്, ടൈംസ് ഓഫ് ഇന്ത്യ). മരുമക്കൾ: രമേഷ് കുമാർ (റിട്ട: ഡപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ), ജഗദീഷ് ചന്ദ്രൻ (എൻജിനീയർ, കുവൈത്ത്), ധന്യ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Senior journalist k padmanabhan passes away

Next Story
ജെസിബി സാഹിത്യ പുരസ്കാരം എസ് ഹരീഷിന്റെ ‘മീശ’ നോവലിന്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express