scorecardresearch
Latest News

മുതിർന്ന മാധ്യമപ്രവർത്തകൻ ഇ. സോമനാഥ് അന്തരിച്ചു

മസ്തിഷ്കാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

E Somanath, Manorama

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമയുടെ മുൻ സ്പെഷ്യൽ കറസ്പോണ്ടന്റുമായിരുന്ന ഇ.സോമനാഥ് (59) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മലപ്പുറം വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശിയാണ്. വള്ളിക്കുന്ന് നേറ്റീവ് എയുപി സ്കൂൾ പ്രധാന അധ്യാപകനും മാനേജരുമായിരുന്ന പരേതനായ സി.എം.ഗോപാലൻ നായരുടെയും ഇതേ സ്കൂളിൽ അധ്യാപികയായിരുന്ന പരേതയായ ഇ.ദേവകിയമ്മയുടെയും മകനാണ്. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പാലിച്ച് ശാന്തികവാടത്തിൽ സംസ്കരിക്കും. ഭാര്യ: രാധ. മകള്‍: ദേവകി. മരുമകന്‍: മിഥുന്‍.

രണ്ടു പതിറ്റാണ്ടിലേറെയായി തലസ്ഥാനത്ത് മനോരമ ലേഖകനായിരുന്നു ഇ.സോമനാഥ്. രാഷ്ട്രീയം, പരിസ്ഥിതി വിഷയങ്ങളായിരുന്നു പ്രധാന റിപ്പോർട്ടിങ് മേഖല. അദ്ദേഹത്തിന്റെ പല രാഷ്ട്രീയ ലേഖനങ്ങളും ഏറെ ശ്രദ്ധനേടിയിട്ടുണ്ട്.

നിയമസഭാ റിപ്പോർട്ടിങ്ങിൽ മൂന്നു പതിറ്റാണ്ടു പിന്നിട്ട സോമനാഥിനെ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ നിയമസഭയിലെ മീഡിയാ റൂമിൽ നടത്തിയ പ്രത്യേക ചടങ്ങിലൂടെ ആദരിച്ചിരുന്നു. 34 വർഷം മലയാള മനോരമയിൽ സേവനമനുഷ്ഠിച്ച ഇ.സോമനാഥ്, കോട്ടയം, ഇടുക്കി, കണ്ണൂർ, കൊല്ലം, ഡൽഹി, തിരുവനന്തപുരം എന്നിവിടങ്ങിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഇ. സോമനാഥിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. രണ്ടു പതിറ്റാണ്ടിലേറെയായി തലസ്ഥാനത്ത് മാധ്യമ പ്രവർത്തകനായിരുന്ന സോമനാഥ് നിയമസഭാ റിപ്പോർട്ടിംഗിലൂടെയും പ്രതിവാര കോളത്തിലൂടെയും മികവുതെളിയിച്ച പ്രഗത്ഭ പത്രപ്രവർത്തകനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു. നിയമസഭാ റിപ്പോര്‍ട്ടിങ്ങിലും അവലോകനത്തിലും ഇ. സോമനാഥിനൊപ്പം അദ്ദേഹം മാത്രമാണെന്നും വിമര്‍ശിക്കാനും വഴി കാട്ടാനും നര്‍മം പങ്കുവയ്ക്കാനും മനസു കാട്ടിയ, മഹാനായ പത്രപ്രവര്‍ത്തകനും സഹോദരതുല്യനായ വ്യക്തിയുമാണ് കടന്നുപോകുന്നതെന്നും വി.ഡി സതീശൻ അനുസ്മരിച്ചു.

നിയമസഭയില്‍ ആദ്യമായി എത്തിയപ്പോള്‍ തനിക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത് സോമനാഥ് ആണെന്നും സോമനാഥിന്റെ വിയോഗം മാധ്യമലോകത്തിന് വലിയ നഷ്ടമാണെന്നും കെപിസിസി പ്രസിഡന്റ് അനുശോചിച്ചു. മാധ്യമപ്രവർത്തനത്തിന്റെ അന്തസ്സ് എന്നും കാത്തുസൂക്ഷിച്ചിരുന്ന പത്രപ്രവർത്തകനായിരുന്നു അദ്ദേഹമെന്നും സരസവും ആകർഷകവുമായ എഴുത്തിലൂടെ നിയമസഭാറിപ്പോർട്ടിംഗിന് പുതിയൊരു മാനം നൽകിയ ഒരു നല്ല സുഹൃത്തിനെയാണ് തനിക്കു നഷ്ടപ്പെട്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Senior journalist e somanath passes away