കോട്ടയം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ചലച്ചിത്ര നിരൂപകനുമായ എ. സഹദേവന്‍ അന്തരിച്ചു. മൂന്ന് പതിറ്റാണ്ടിലേറയായി മാധ്യമ-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. ഇന്ത്യാവിഷന്‍, സഫാരി, സൗത്ത് ലൈവ് എന്നീ സ്ഥാപനങ്ങളുടെ ഭാഗമായിരുന്നു. മനോരമ സ്കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ (മാസ്കോം) അധ്യാപകനായും സേവനമനുഷ്ഠിച്ചു.
എ സഹദേവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാധ്യമപ്രവർത്തകരിലെ ബഹുമുഖ പ്രതിഭയായിരുന്നു എ സഹദേവനെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. പത്രമാധ്യത്തിൽ തുടങ്ങി ദൃശ്യമാധ്യമങ്ങളിലും അതിന്റെ ആധുനിക രൂപമായ ഓൺലൈൻ മാധ്യമങ്ങളിലും കഴിവ് തെളിയിച്ച അദ്ദേഹത്തിന്റെ പത്ര പ്രവർത്തന മേഖല വിപുലമായിരുന്നു. കായിക, സിനിമാ വാർത്തകൾ കൈകാര്യം ചെയ്യുന്നതിലും വിശകലനത്തിലും വളരെ ശ്രദ്ധേയമായ ഇടപെടലാണ് അദ്ദേഹം നടത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശനും വിയോഗത്തിൽ അനുശോചനമർപിച്ചു. രാഷ്ട്രീയം, സാഹിത്യം, സിനിമ തുടങ്ങി വിവിധ മേഖലകളില്‍ ആഴത്തില്‍ അറിവുണ്ടായിരുന്ന അദ്ദേഹം സ്വതസിദ്ധമായ ശൈലിയില്‍ അത് വായനക്കാരിലേക്കും കാഴ്ച്ചക്കാരിലേക്കും എത്തിച്ചുവെന്ന് അനുശോചന സന്ദേശത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.