തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്നു മുതിർന്ന സിപിഐഎം നേതാവ് വി.എസ്. അച്യുതാനന്ദൻ. ഈ ആവശ്യം പാർട്ടിയുടെ പോളിറ്റ്ബ്യൂറോയിൽ നാളെ വിഎസ് ഉന്നയിക്കും. രാജ്യസഭയിൽ യെച്ചൂരിയെപ്പോലുള്ള ഒരു വ്യക്തിത്വം വേണമെന്നാണ് വി.എസ് അച്യുതാനന്ദന്രെ നിലപാട്.

അതേസമയം യെച്ചൂരിയെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്നാണ് നേരത്തെ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനിച്ചത്. യെച്ചൂരിയെ വീണ്ടും സ്ഥാനാർഥിയാക്കണമെന്ന് ബംഗാൾ ഘടകം ആവശ്യപ്പെട്ടെങ്കിലും കേരളത്തിൽ നിന്നുള്ള നേതാക്കൾ ഇതിനെ ശക്തമായി എതിർത്തിരുന്നു.

ഓഗസ്റ്റ് 18 ന് ആണ് രാജ്യസഭയിലെ യെച്ചൂരിയുടെ കാലാവധി തീരുന്നത്. കോണ്‍ഗ്രസിന്‍റെ പിന്തുണയോടെ മാത്രമേ യെച്ചൂരിക്ക് മത്സരക്കുകയാണെങ്കിൽ ജയിക്കാൻ സാധിക്കൂ. കോണ്‍ഗ്രസിന്‍റെ പിന്തുണ സ്വീകരിക്കുന്നത് തെറ്റായ സന്ദേശത്തിന് ഇടയാക്കുമെന്ന് കണ്ടാണ് യെച്ചൂരിയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് പോളിറ്റ് ബ്യൂറോ തീരുമാനിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ