കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം.ജേക്കബ് അന്തരിച്ചു. 93 വയസായിരുന്നു. 1995ലും 2000ലും മേഘാലയ ഗവര്‍ണര്‍ ആയിരുന്നു. രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാനും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ആയിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. ഇന്ന് രാവിലെ ആറ് മണിയോടെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നു. 8 മണിയോടെയാണ് മരണപ്പെട്ടത്.
നിലപാടുകളില്‍ കാര്‍ക്കശ്യം പുലര്‍ത്തിയിരുന്ന കോണ്‍ഗ്രസിലെ അപൂര്‍വ വ്യക്തിത്വമാണ് എം.എം.ജേക്കബ്. ഇന്നത്തെ യുവനേതാക്കള്‍ക്ക് പോലും അവകാശപ്പെടാനാകാത്ത നിലപാടുകളിലെ കാര്‍ക്കശ്യമായിരുന്നു എം.എം.ജേക്കബിന്റെ പ്രത്യേകത. 1952ല്‍ ബിഎസ്എസിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയ എം.എം.ജേക്കബ് ദേശീയ സംസ്ഥാന തലത്തില്‍ നിരവധി സ്ഥാനങ്ങളാണ് വഹിച്ചിട്ടുള്ളത്. 1982ലും 1988ലും ഇദ്ദേഹത്തെ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തു. 1986ല്‍ രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാനായും തിരഞ്ഞെടുത്തു. പാര്‍ലമെന്റ് കാര്യമന്ത്രിയായും ആഭ്യന്തരകാര്യമന്ത്രിയായും ജലവിഭവവകുപ്പ് മന്ത്രിയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1995ലാണ് മേഘാലയയുടെ ഗവർണറായി എം.എം.ജേക്കബിനെ നിയമിച്ചത്. 2000ല്‍ ഇദ്ദേഹത്തിന് രണ്ടാം വട്ടവും മേഘാലയ ഗവര്‍ണര്‍ സ്ഥാനം നല്കി. 1952ല്‍ കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രവേശിച്ചു. 1950 കളുടെ ആദ്യകാലത്താണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. വിനോബ ഭാവെ ഭൂദാനപ്രസ്ഥാനം തുടങ്ങിയപ്പോള്‍ ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചു. 1954ല്‍ രാഷ്ട്രീയ രഹിത വോളണ്ടറി സംഘടനയായ ഭാരത് സേവക് സമാജില് ചേര്‍ന്നു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേരള ഘടകത്തിന്റെ ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓള് ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തിരഞ്ഞെടുക്കപ്പെട്ട അംഗമായും ഇദ്ദേഹം വര്‍ഷങ്ങളോളം സേവനം അനുഷ്ഠിച്ചു. കേരള കോണ്‍ഗ്രസിന്റെ തട്ടകമായ കോട്ടയത്ത് കോണ്‍ഗ്രസിന് വേണ്ടി ശക്തമായി നില കൊണ്ട നേതാവാണ് അദ്ദേഹം. കെ.എം.മാണിക്കെതിരായ അദ്ദേഹത്തിന്റെ നിലപാടുകള്‍ എന്നും വാര്‍ത്തയായിരുന്നു. ജവഹര്‍ലാല്‍ നെഹ്റുവിനൊപ്പം യുവജന മുന്നേറ്റത്തിന് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസിനുളളിലെ ഗ്രൂപ്പ് യുദ്ധങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് എടുത്തയാളാണ് ജേക്കബ്. അദ്ദേഹത്തിന്റെ നവതി ആഘോഷങ്ങള്‍ കോട്ടയത്ത് വച്ച് വിപുലമായി നടത്തിയിരുന്നു. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നിന്നെങ്കിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ജേക്കബ് തന്റെ സാന്നിധ്യം എന്നും കാണിച്ചു. പാര്‍ട്ടി രംഗത്തും പാര്‍ലമെന്റ് രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എം.എം.ജേക്കബിന്റെ വിയോഗം കോണ്‍ഗ്രസിന് തീരാനഷ്ടമാണ്. കോട്ടയത്ത് അദ്ദേഹത്തിന്റെ അന്ത്യോപചാരം അര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ താമസിയാതെ എത്തിച്ചേരും. മക്കള്‍ വിദേശത്ത് നിന്ന് എത്താനുളളത് കൊണ്ട് തന്നെ സംസ്കാര ചടങ്ങുകള്‍ തീരുമാനിച്ചിട്ടില്ല. നാളെ വൈകിട്ടോടെ രാമപുരത്തെ പളളിയില്‍ സംസ്കാര ചടങ്ങുകള്‍ നടക്കുമെന്നാണ് വിവരം.