മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. 87 വയസായിരുന്നു. നാളെ രാവിലെ ഒന്‍പത് മണിക്ക് നിലമ്പൂരില്‍ വച്ചാണ് സംസ്കാരം.
ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവർത്തിച്ച രാഷ്ട്രീയ പശ്ചാത്തലം അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നു. മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിന് എന്നും അദ്ദേഹം തയ്യാറായിരുന്നു. തന്റെ വാദമുഖങ്ങൾ ശക്തമായി നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തിയിരുന്ന സാമാജികനായിരുന്നു ആര്യാടൻ മുഹമ്മദ് എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മലബാറിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് ഏഴ് പതിറ്റാണ്ടോളം നെടുനായകത്വം വഹിച്ച നേതാവായിരുന്നു ആര്യാടൻ മുഹമ്മദെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കാനും വാക്കിലും പ്രവൃത്തിയിലും തികഞ്ഞ മതേതരവാദിയാകാനും അദ്ദേഹത്തിന് കഴിഞ്ഞു. രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാക്കിയേക്കുമെന്ന് തോന്നിക്കുമായിരുന്ന സന്ദർഭങ്ങൾ കൃത്യതയോടെ പരിഹരിച്ച് മുന്നണിയെയും പാർട്ടിയേയും ഒരു കാലത്ത് ഒറ്റക്കെട്ടായി മുന്നോട്ട് നയിച്ചത് ആര്യാടൻ മുഹമ്മദായിരുന്നെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
1935 ല്‍ ജനിച്ച ആര്യാടന്‍ നിലമ്പൂർ ഗവ. മാനവേദൻ ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. 1960-ല്‍ കോഴിക്കോട് ഡിസിസി സെക്രട്ടറിയായ ആര്യാടന്‍ 1962-ല്‍ കെപിസിസി അംഗവുമായി.
1965, 67 വര്‍ഷങ്ങളില്‍ നിലമ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം. പിന്നീട് 1977 ല്‍ നിയമസഭയില്‍ എത്തി, നിലമ്പൂര്‍ ആദ്യമായി ആര്യാടനെ അന്ന് തുണച്ചു. 1980 ല്‍ എ ഗ്രൂപ്പ് ഇടതു മുന്നണിയുടെ ഭാഗമായപ്പോള്‍ എംഎല്‍എ ആകാതെ തന്നെ ഇ കെ നയനാര്‍ മന്ത്രിസഭയില്‍ വനം-തൊഴില്‍ വകുപ്പ് കൈകാര്യം ചെയ്തു.
തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ നിലമ്പൂരില്‍ പരാജയപ്പെടുത്തി. 1982 ല്‍ നിലമ്പൂര്‍ ആര്യാടനെ കൈവിട്ടെങ്കിലും 1987 മുതല്‍ 2011 വരെ എല്ലാ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചു. 1995 ലെ എ കെ ആന്റണി മന്ത്രിസഭയില്‍ തൊഴില്‍-ടൂറിസം വകുപ്പ് കൈകാര്യം ചെയ്തു. 2005, 2011 ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്നു.