കണ്ണൂര്‍: തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍പാതയായ സില്‍വര്‍ ലൈനിന്റെ അലൈന്‍മെന്റ് നിശ്ചയിക്കുന്നതിനുള്ള ആദ്യപടിയായുള്ള ആകാശ സര്‍വേ കണ്ണൂരില്‍ ആരംഭിച്ചു. കണ്ണൂര്‍ മുതല്‍ കാസര്‍കോട്ടുവരെ 80 കിലോമീറ്ററിലുള്ള ആദ്യ സര്‍വേ ചൊവ്വാഴ്ച പൂര്‍ത്തിയാക്കിയിരുന്നു.

സില്‍വര്‍ ലൈനിന്റെ ദൈര്‍ഘ്യമായ 532 കിലോമീറ്റര്‍ സര്‍വേ ചെയ്യുന്നതിന് എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചുള്ള ലിഡാര്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്. സര്‍വേയ്ക്ക് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലും കേന്ദ്ര പ്രതിരോധ മന്ത്രാലയവും അനുമതി നല്‍കിയതിനു തൊട്ടുപിന്നാലെ പദ്ധതിയ്ക്ക് കേന്ദ്ര റെയില്‍വെ മന്ത്രാലയവും പച്ചക്കൊടി കാട്ടിയിരുന്നു.

ഏഴു ദിവസത്തെ സര്‍വേയ്ക്ക് പാര്‍ടനാവിയ പി68 എന്ന എയര്‍ക്രാഫ്റ്റാണ് ഉപയോഗിക്കുന്നത്. അതീവ സുരക്ഷാമേഖലകള്‍ക്കു മുകളിലൂടെ പറക്കേണ്ടതുകൊണ്ടാണ് പ്രതിരോധവകുപ്പിന്‍റെ പ്രത്യേക അനുമതി ആവശ്യമായി വന്നത്. ഇന്ത്യന്‍ പൈലറ്റുകള്‍ തന്നെയായിരിക്കണം ഹെലികോപ്റ്റര്‍ പറത്തേണ്ടതെന്ന കര്‍ശന നിബന്ധനയുണ്ട്.

Read Also: സില്‍വര്‍ ലൈനില്‍ കുതിക്കാന്‍ കേരളം; അറിയാം സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയെക്കുറിച്ച്

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്ന കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷനു വേണ്ടി ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് സര്‍വേ നടത്തുന്നത്. നിര്‍ദിഷ്ട മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ലിഡാര്‍ സര്‍വേയും ജിയോനോ തന്നെയാണ് നടത്തിയത്.

വളരെ വേഗം അലൈന്‍മെന്‍റ് പൂര്‍ത്തിയാക്കി പണി തുടങ്ങാന്‍ കഴിയുമെന്നതാണ് ഈ സര്‍വേയുടെ മെച്ചമെന്ന് കെആര്‍ഡിസി എംഡി വി അജിത് കുമാര്‍ അറിയിച്ചു. വിശദമായ പദ്ധതി റിപ്പോര്‍ട്ടും (ഡിപിആര്‍) ഫൈനല്‍ ലൊക്കേഷന്‍ സര്‍വേയും വേഗം തയാറാക്കുന്നതിന് കെ-റെയിലിനെ ഇത് സഹായിക്കും. ലോകത്തെങ്ങും ലിഡാര്‍ സര്‍വേ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഇത് പ്രയോജനപ്പെടുത്തുന്ന രണ്ടാമത്തെ റെയില്‍ പദ്ധതിയാണ് സില്‍വര്‍ ലൈന്‍ എന്ന് അജിത് കുമാര്‍ പറഞ്ഞു.

കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനിയാണ് കെ-റെയില്‍. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെയുള്ള 310 കിലോമീറ്റര്‍ ഇപ്പോഴത്തെ റെയില്‍പാതയില്‍ നിന്നു മാറിയും തിരൂരില്‍ നിന്നും കാസര്‍കോടു വരെയുള്ള ബാക്കി ദൂരം നിലവിലുള്ള പാതയ്ക്കു സമാന്തരമായിട്ടുമായിരിക്കും സില്‍വര്‍ ലൈൻ അലൈന്‍മെന്‍റ്.

തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് ലൈന്‍ സ്ഥാപിക്കുന്നത്. ആകെ പത്തു സ്റ്റേഷനുകളാണുള്ളത്. ചെറു പട്ടണങ്ങളെ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിനുള്ള ഫീഡര്‍ സര്‍വ്വീസും സില്‍വര്‍ ലൈനിന്റെ ഭാഗമാണ്. 200 കിലോമീറ്റര്‍ വേഗയായിരിക്കും ട്രെയിനുണ്ടാവുക.

കുറഞ്ഞ യാത്രാസമയം, കൂടുതല്‍ പ്രദേശങ്ങളുമായുള്ള ബന്ധം, യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍, അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന യാത്രാ മാര്‍ഗങ്ങളില്‍നിന്നുള്ള മാറ്റം, റോഡിലെ തിരക്കില്‍ നിന്നുള്ള മോചനം എന്നിവയാണ് പദ്ധതിയുടെ മേൻമകൾ.

ലിഡാര്‍ സര്‍വേ

ലൈറ്റ് ഡിറ്റക്ഷന്‍ ആന്‍ഡ് റേന്‍ജിങ് എന്നതിന്‍റെ ചുരുക്കപ്പേരായ ലിഡാറില്‍ ലേസര്‍ രശ്മികളുടെ പ്രതിഫലനം ഉപയോഗിച്ചാണ് സര്‍വേ നടത്തുന്നത്. ഹെലികോപ്റ്ററിലുള്ള ലിഡാര്‍ ഉപകരണത്തില്‍ ലേസർ യൂണിറ്റ്, സ്കാനര്‍, ജിപിഎസ് റിസീവര്‍ എന്നിവയും ഉണ്ടായിരിക്കും. ലേസര്‍ യൂണിറ്റില്‍ നിന്ന് പുറപ്പെടുന്ന രശ്മികള്‍ ഭൂമിയുടെ ഉപരിതലം സ്കാന്‍ ചെയ്ത് തിരിച്ചെത്തുന്നത് സെന്‍സറില്‍ സ്വീകരിച്ചാണ് റൂട്ട് മാപ്പ് ചെയ്യുന്നത്.

ഭൂമിയുടെ കിടപ്പു സംബന്ധിച്ച വിശദവും കൃത്യവുമായ വിവരം ജനജീവിതത്തിനു തടസമുണ്ടാക്കാതെ ലിഡാര്‍ സര്‍വേ വഴി ലഭ്യമാക്കാനാവും. കാട്, നദികള്‍, റോഡുകള്‍, നീര്‍ത്തടങ്ങള്‍, കെട്ടിടങ്ങള്‍, വൈദ്യുതി ലൈനുകൾ, പൈതൃക മേഖലകള്‍ എന്നിവ കൃത്യമായി നിര്‍ണയിക്കാനാവും. മരങ്ങള്‍ മൂടിനിന്നാലും താഴെയുള്ള പ്രദേശങ്ങളെക്കുറിച്ച് മനസിലാക്കാന്‍ ഇതിലൂടെ സാധിക്കും. ഉയര്‍ന്ന റെസൊല്യൂഷന്‍ ഉള്ള ക്യാമറയാണ് ലിഡാര്‍ യൂണിറ്റില്‍ ഉപയോഗിക്കുന്നത്.

സില്‍വര്‍ ലൈനിനു വേണ്ടി 600 മീറ്റര്‍ വീതിയിലുള്ള ഭൂമിയാണ് സര്‍വേ ചെയ്യുന്നത്. ഇതിനകത്ത് അനുയോജ്യമായ 25 മീറ്റര്‍ വീതിയില്‍ മാത്രമാണ് ലൈന്‍ സ്ഥാപിക്കുക. ഇതിനുള്ള ഗ്രൗണ്ട് പോയിന്‍റുകള്‍ നേരത്തെ തന്നെ സ്ഥാപിച്ചിരുന്നു. രണ്ട് ലൈനുകള്‍ക്കുള്ള സ്ഥലം മാത്രമാണ് സില്‍വര്‍ ലൈനിനു വേണ്ടി വരുന്നത്. നഗരങ്ങളില്‍ ആകാശപാതകളിലൂടെയായിരിക്കും ഇത് കടന്നുപോകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.