തൊടുപുഴ: കാട്ടാനയ്ക്കൊപ്പം സെല്‍ഫിയെന്ന ട്രെന്‍ഡ് പടരുമ്പോൾ ആനകള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നത് ജീവന് പണയം വച്ചുള്ള കളിയാണെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്. മൂന്നാറിൽ അടുത്തിടെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വനംവകുപ്പ് ബോധവൽക്കരണവുമായി വരുന്നത്. മൂന്നാറില്‍ കാട്ടാനകള്‍ റോഡിലിറങ്ങുന്നതും ഇവയ്ക്കൊപ്പം സെല്‍ഫിയെടുക്കുന്നതും ടൂറിസ്റ്റുകളും പ്രദേശവാസികളും പതിവാക്കിയതോടെയാണ് കാട്ടാനയുടെ മുന്നില്‍വച്ചുള്ള സെല്‍ഫിയെടുക്കല്‍ ജീവന് പണയംവച്ചുള്ള കളിയാണെന്ന് ബോധ്യപ്പെടുത്താൻ വനംവകുപ്പ് ശ്രമം ശക്തമാക്കിയത്.
കഴിഞ്ഞ ദിവസം മൂന്നാര്‍ മറയൂര്‍ റൂട്ടില്‍ കന്നിമല ബംഗ്ലാവിനു സമീപം കാട്ടാന റോഡില്‍ ഇറങ്ങിയതിനെത്തുടര്‍ന്ന് രണ്ടുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടിരുന്നു. ഗണേശന് എന്ന കാട്ടാനയാണ് റോഡില്‍ ഇറങ്ങിയത്. എന്നാല്‍ പ്രദേശത്ത് തടിച്ചുകൂടിയ വിനോദ സഞ്ചാരികളിലും നാട്ടുകാരിലും ഒരു വിഭാഗം കാട്ടാനയ്ക്കൊപ്പം സെല്‍ഫി പകര്ത്തുകയുംം ചെയ്തു. സെല്‍ഫി പകര്‍ത്തുന്നതിനിടെ അസ്വസ്ഥനായ ആന പലപ്പോഴും ജനങ്ങൾ നേരേ അലറിയടുത്തു.
കാട്ടാനകള്‍ക്കു മുന്നില്‍ സെല്‍ഫിയെടുത്ത് വീമ്പു പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ലെന്ന് മൂന്നാര്‍ ഡിഎഫ്ഒ നരേന്ദ്രബാബു പറയുന്നു. നിലവിലുള്ള നിയമപ്രകാരം റോഡില്‍ നിന്നു കാട്ടാനയുടെ സെല്ഫിയെടുക്കുന്നതിനെതിര നിയമപരമായി വനംവകുപ്പിന് ഒന്നും ചെയ്യാനാവില്ല. അതേസമയം വനത്തില്‍ അതിക്രമിച്ചു കയറുകയാണങ്കില് കേസെടുക്കാനുമാവും. മൂന്നാറിന്റെ പലപ്രദേശങ്ങളിലും ആനകളുടെ സാന്നിധ്യമുള്ളതിനാല്‍ ഒരു ഭാഗത്തുനിന്നു മറ്റൊരു ഭാഗത്തേയ്ക്കു സഞ്ചരിക്കാനാണ് കാട്ടാനകള്‍ പലപ്പോഴും റോഡിലേക്കിറങ്ങുന്നത്. എന്നാല്‍ ആളുകള്‍ കൂടുന്നതും വാഹനങ്ങളുടെ ബഹളവും മൂലം പലപ്പോഴും ഇവയ്ക്കു റോഡ് മുറിച്ചുകടക്കാന്‍ കഴിയുന്നില്ല. കാട്ടാനകളെ കാണുമ്പോള്‍ ആനകള്‍ക്കു കടന്നു പോകാന്‍ കഴിയുന്ന തരത്തില്‍ വഴിയൊരുക്കി കൊടുക്കാനാണ് യാത്രക്കാർ ശ്രദ്ധിക്കേണ്ടത്. ഡിഎഫ്ഒ പറഞ്ഞു.
കാട്ടാനകളുടെ വിഹാര കേന്ദ്രമായി അറിയപ്പെടുന്ന മൂന്നാറില്‍ പടയപ്പയെന്നും ഗണേശനെന്നും അറിയപ്പെടുന്ന കൊമ്പന്മാരാണ് വിവിധ പ്രദേശങ്ങളില്‍ സാന്നിധ്യമറിയിക്കുന്നത്. സ്വതവേ ശാന്തനായ പടയപ്പ ആരെയും ആക്രമിച്ചതായി കേട്ടിട്ടില്ലെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം കാട്ടാനകള്‍ക്കു മുന്നില്‍ വച്ചു സെല്‍ഫിയെടുക്കുന്നത് അപകടംകൊണ്ടുള്ള കളിയാണെന്നു വനംവകുപ്പ് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു. ഏതുസമയവും ആക്രമിക്കാന്‍ സാധ്യതയുള്ളവയാണു കാട്ടാനകളെന്നതിനാല് ആനയുടെ സമീപത്തേയ്ക്കു പോകുന്നതും സെല്‍ഫി എടുക്കുന്നതും എല്ലാവരും ഒഴിവാക്കുക തന്നെ വേണം. ഇത്തരം കാര്യങ്ങളില്‍ നിയമപരമായ നടപടികളേക്കാള്‍ ഇത്തരം കാര്യങ്ങളിലുള്ള സ്വയം അച്ചടക്കമാണ് പ്രധാനം. വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
മൂന്നാറിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ കുറേക്കാലങ്ങളായി കാട്ടാന സാന്നിദ്ധ്യം ശക്തമാണ്.