ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ കോളേജ് പ്രവേശനത്തിൻ്റെ സമയപരിധി നീട്ടാനാവില്ലെന്ന് സുപ്രീം കോടതി. സർക്കാരുമായി കരാറൊപ്പിടാത്ത മാനേജ്മെഞ് കോളേജുകളിൽ ഫീസ് വിഷയം തിങ്കളാഴ്ച വിധി പറയും.

പ്രവേശന സമയത്ത് വിദ്യാർത്ഥികളിൽ നിന്ന് തുക ബോണ്ടായാണോ ബാങ്ക് ഗ്യാരന്റിയായാണോ സ്വീകരിക്കേണ്ടതെന്നും കോടതി തീരുമാനിക്കും. കരാർ ഒപ്പിടാത്ത മുഴുവൻ കോളജുകളുടെ കാര്യവും വിധിയിലുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.

നേരത്തേ സ്വാശ്രയ മെഡിക്കൽ ഫീസ് വിഷയത്തിൽ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് മാനേജ്മെൻ്റുകൾ സുപ്രീം കോടതിയെ സമീപിച്ചത്. സ്വാശ്രയ മെഡിക്കൽ സീറ്റുകളിലേക്ക് അഞ്ച് ലക്ഷം രൂപ ഫീസും ആറു ലക്ഷം രൂപ ബോണ്ടായോ, ബാങ്ക് ഗ്യാരന്റിയായോ നൽകാനുമാണു ഹൈക്കോടതി ഉത്തരവ്.

ഇങ്ങിനെ പണം സ്വീകരിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് മാനേജ്മെൻ്റുകളുടെ വാദം. പാതിവഴിയിൽ പഠനം നിർത്തിപ്പോകുന്ന വിദ്യാർത്ഥികൾക്ക് പണം മടക്കിനൽകാനാവില്ലെന്നതടക്കമുള്ള വാദങ്ങളാണ് സുപ്രീം കോടതിയിൽ മാനേജ്മെൻ്റുകൾ ഉയർത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ