തിരുവനന്തപുരം: ഫീസ് നിരക്ക് ഉയർന്ന് സങ്കീർണമായ സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിലെ ആശയക്കുഴപ്പങ്ങൾ ഒഴിഞ്ഞില്ല. പ്രവേശന നടപടികൾ അവസാനിക്കാനിരിക്കെ ഫീസ് 11 ലക്ഷമാക്കിയ സുപ്രീംകോടതി വിധി സർക്കാരിന് കനത്ത തിരിച്ചടിയായിരുന്നു. ഓഗസ്റ്റ് 31ന് പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്ന നിർദേശമുള്ളതിനാൽ കോടതിയെ വീണ്ടും സമീപിക്കാൻ സമയവുമില്ല. അഞ്ച് ലക്ഷം രൂപ ഫീസിന് പുറമെ ഹാജരാക്കേണ്ട ആറ് ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റിയാണ് വിദ്യാർഥികളെ അവസാന നിമിഷം വലച്ചത്.
സ്പോട്ട് അഡ്മിഷന് ഹാജരാകുന്നവര്‍ പ്രവേശനപരീക്ഷാ കമ്മിഷണറുടെ പേരില്‍ എടുത്ത അഞ്ചുലക്ഷം രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും ആറുലക്ഷം രൂപയുടെ ബാങ്ക് ഗാരന്റിയും നല്‍കണം. എന്‍ആര്‍ഐ ക്വാട്ടാ സീറ്റിലേക്ക് 20 ലക്ഷത്തിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റാണ് വേണ്ടത്.
ബാങ്ക് ഗാരന്റി നൽകുന്നതിലെ സാങ്കേതിക കുരുക്കുകൾ ഒഴിവാക്കുന്നതിനായി മുഖ്യമന്ത്രി നേരിട്ട് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി അംഗങ്ങളായ ബാങ്ക് പ്രതിനിധികളുമായി ഇന്ന് വൈകിട്ട് മൂന്നിന് ചർച്ച നടത്തുന്നുണ്ട്. 15 ദിവസത്തിനകം വിദ്യാർഥികൾ ബാങ്ക് ഗാരന്റി ഹാജരാക്കണമെന്നാണ് സുപ്രീംകോടതി വിധി. കണ്ണൂര്‍, പാലക്കാട് കരുണ എന്നീ മെഡിക്കല്‍ കോളേജുകള്‍ എന്‍ആര്‍ഐ ഒഴികെയുള്ള സീറ്റുകളില്‍ ബാങ്ക് ഗാരന്റി ഇല്ലാതെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നൽകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു.
അർഹരായ വിദ്യാർഥികൾക്ക് സീറ്റ് നഷ്ടപ്പെടാതിരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ക്രിസ്ത്യൻ മാനേജ്മെന്റിനു കീഴിലുള്ള മെഡിക്കൽ കോളേജുകളും പരിയാരം മെഡിക്കൽ കോളേജും നേരത്തെ നിശ്ചയിച്ച ഫീസിൽ വിദ്യാർഥികളെ പഠിപ്പിക്കാമെന്നു സമ്മതിച്ചിട്ടുണ്ട്. മറ്റു സ്വാശ്രയ മെഡിക്കൽ കോളേജുകളും അതിനു സന്നദ്ധമാകണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
സ്പോട്ട് അഡ്മിഷന് ഹാജരാകുന്നവര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയ്ക്ക് ഹൈക്കോടതി ഇളവനുദിച്ചിട്ടുണ്ട്. പ്രവേശനംനേടി ഒരാഴ്ചയ്ക്കകം സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ മതി. മെഡിക്കല്‍ കൗണ്‍സില്‍ അനുമതി ഇല്ലാതിരുന്ന അല്‍ അസര്‍, മൗണ്ട് സിയോന്‍, ഡി.എം. വയനാട് എന്നീ കോളേജുകളില്‍ പ്രവേശനത്തിന് ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഈ കോളേജുകളെയും സ്പോട്ട് അഡ്മിഷനില്‍ ഉള്‍പ്പെടുത്തി. ന്യൂനപക്ഷ പദവിയുള്ള അല്‍ അസറിലെ 44 സീറ്റുകളിലേക്ക് മുസ്ലിം സമുദായത്തില്‍നിന്നുള്ളവര്‍ക്കും മൗണ്ട് സിയോനിലെ 60 സീറ്റുകളിലേക്ക് ദ പെന്തക്കോസ്തല്‍ മിഷന് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പ്രവേശനം നല്‍കും. റവന്യൂ അധികൃതരില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.