തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാശ്രയ എഞ്ചിനീയറിംഗ് കോഴ്‌സിനുള്ള ഫീസ് കുറയ്ക്കാൻ സർക്കാർ മാനേജ്മെന്റുകളുമായി ചർച്ചയ്ക്ക് ഒരുങ്ങുന്നു. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ചയാണ് ചർച്ച നടത്തുക. ഒരാഴ്ചക്കുള്ളിൽ മാനേജ്മെന്റുകളുമായി ധാരണയിലെത്തി ഫീസ് കുറക്കാനാണ് സർക്കാർ ആലോചിക്കുന്നത്. എഞ്ചിനീയറിംഗ് സീറ്റുകൾ കൂട്ടത്തോടെ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ മാനേജ്മെന്റുകൾ ഫീസ് കുറയ്ക്കാൻ തയ്യാറാകുമെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ വർഷത്തെ ഫീസ് പരമാവധി തുകയായി നിശ്ചയിച്ച് അസോസിയേഷനുമായി ധാരണയിലെത്താനും, കുറഞ്ഞ ഫീസ് ഘടന വെബ്സൈറ്റിൽ പ്രദർശിപ്പിച്ച് കോളേജുകൾക്ക് പ്രവേശനം നടത്താമെന്നും വാദങ്ങൾ ഉയർന്നിട്ടുണ്ട്. വ്യക്തിഗത മാനേജ്മെന്റുകൾ ഫീസ് കുറയ്ക്കാമെന്ന നിലപാടിലാണെങ്കിലും മാനേജ്മെന്റ് അസോസിയേഷന് കൂട്ടായി ഈ തീരുമാനത്തിലെത്താനായിട്ടില്ല.

കഴിഞ്ഞ വർഷം സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിൽ മെറിറ്റ് സീറ്റിൽ കുറഞ്ഞ വരുമാനം ഉള്ളവർക്ക് 50000 രൂപയായിരുന്നു ഫീസ്. ശേഷിച്ചവയിൽ 75000, മാനേജ്മെന്റ് സീറ്റിൽ 99000 വാർഷിക ഫീസും 25000 സ്പെഷൽ ഫീസും, എൻആർഐ സീറ്റിൽ 1.75 ലക്ഷവുമായിരുന്നു ഫീസ്.

കാത്തലിക് മീനേജ്മെന്റ് അസോസിയേഷന് കീഴിലെ 14 കോളേജുകളിൽ ഒറ്റ ഫീസ് ഘടനയാണ് മെറിറ്റ് സീറ്റിലും മാനേജ്മെന്റ് സീറ്റലും പാലിച്ചിരുന്നത്. കേരള സെൽഫ് ഫിനാൻസിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷന് കീഴിലുള്ള 105 കോളേജുകളിൽ മാനേജ്മെന്റ് സീറ്റുകളിലേക്ക് പ്രവേശന മേൽനോട്ട ചുമതലയുള്ള ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിഷൻ മെയ് 28 ന് പ്രത്യേക പ്രവേശന പരീക്ഷ നടത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ