തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിനും മാനേജ്മെന്റിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ലളിതമായി തീർക്കാമായിരുന്ന പ്രശ്നത്തെ സർക്കാരിന്റേയും മാനേജ്മെന്റുകളുടേയും കടുംപിടുത്തം സങ്കീർണാക്കിയെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. വിദ്യാർത്ഥികളുടെ ഭാവി നോക്കാതെയാണ് സർക്കാരും മാനേജ്മെന്റുകളും കൊന്പ് കോർക്കുന്നതെന്നും കോടതി പറഞ്ഞു.

സുപ്രിംകോടതി ആരെ സംരക്ഷിക്കാന്‍ പറയുന്നവോ അവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നില്ല. എന്‍ആര്‍ഐ ക്വട്ടയില്‍ ഉയര്‍ന്ന ഫീസ് വാങ്ങാന്‍ പറഞ്ഞിട്ടും അത് പാലിക്കുന്നില്ലെന്നുംകോടതി വിമര്‍ശിച്ചു. പ്രവേശനം സംബന്ധിച്ച ആശയക്കുഴപ്പം നീങ്ങാത്തതിനാൽ തന്നെ കുട്ടികളും രക്ഷിതാക്കളും അങ്കലാപ്പിലാണ്. ഇത് ആരെങ്കിലും മനസിലാക്കുന്നുണ്ടോയെന്നും രൂക്ഷമായ ഭാഷയിൽ കോടതി ചോദിച്ചു.

സർക്കാരിന്റെ പിടിപ്പുകേടു മൂലം അലോട്ട്മെന്റ് കുഴഞ്ഞുമറിഞ്ഞ് ആയിരക്കണക്കിനു വിദ്യാർത്ഥികൾ ആശങ്കയിലാണ്. ഇത് പരിഹരിക്കാൻ എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്നും കോടതി ചോദിച്ചു. ഫീസ് സംബന്ധിച്ച വിജ്ഞാപനവും കോടതി ഉത്തരവുകളും ഹാജരാക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. സ്വകാര്യ കോളേജുകളിലെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് എന്തുകൊണ്ടാണെന്ന് സർക്കാർ ചിന്തിച്ചിട്ടുണ്ടോ? എൻ.ആർ‌.ഐ സീറ്റിൽ 20 ലക്ഷം രൂപ വരെ ഫീസ് വാങ്ങാമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. സർക്കാർ തീരുമാനിച്ചത് 15 ലക്ഷമാണ്. എന്നിട്ടും സുപ്രീം കോടതിയുടെ വിധി നടപ്പാക്കാൻ സർക്കാർ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

ജസ്‌റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിർണയിച്ച അഞ്ചു ലക്ഷം രൂപ ഏകീകൃത ഫീസിനെ ചോദ്യംചെയ്തു സ്വാശ്രയ മാനേജ്‌മെന്റുകൾ നൽകിയ ഹർജിയിലായിരുന്ന കോടതിയുടെ വിമർശനം. അഞ്ചുലക്ഷം രൂപ ഏകീകൃത ഫീസ് നിശ്ചയിച്ചതിനെ നേരത്തേ ഹൈക്കോടതി ശരിവച്ചിരുന്നു. പ്രവേശനവുമായി മുന്നോട്ടുപോകാനും ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. ഇതു ചോദ്യം ചെയ്തു കോഴിക്കോട് കെ.എം.സി.ടി, എറണാകുളം ശ്രീനാരായണ കോളജുകൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. 11 ലക്ഷം രൂപ വരെ ഫീസ് ഈടാക്കാൻ കോളജുകൾക്ക് അനുമതി നൽകിയ സുപ്രീംകോടതി, കേസ് ഉടൻ തീർപ്പാക്കാൻ ഹൈക്കോടതിയോട് നിർദേശിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ