രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താന അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം

ഐഷ ഫോണിലെ ചാറ്റുകളും സന്ദേശങ്ങളും നശിപ്പിച്ചത് സംശയാസ്പദമാണെന്നും ലക്ഷദ്വീപ് ഭരണകൂടം

Aisha Sultana, Lakshadweep
ഫൊട്ടോ: ഫെയ്സ്ബുക്ക്/ ഐഷ ലക്ഷദ്വീപ്

കൊച്ചി: ബയോ വെപ്പൺ പരാമർശവുമായി ബന്ധപ്പെട്ട രാജ്യദ്രോഹ കേസില്‍
ചലച്ചിത്ര പ്രവര്‍ത്തകയും ലക്ഷദ്വീപ് സ്വദേശിയുമായ ഐഷ സുൽത്താന അന്വേഷണവുമായി സഹകരിക്കുന്നില്ലന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍.

കേസ് രജിസ്റ്റർ ചെയ്ത ശേഷം ഐഷ മൊബൈൽ ഫോൺ രേഖകൾ നശിപ്പിച്ചതായും പൊലീസ് ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കുന്നില്ലന്നും ലക്ഷദ്വീപ് കളക്ടർ വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷ സമർപ്പിച്ച ഹർജിയിലാണ് ഭരണകൂടം എതിർ നിലപാട് വ്യക്തമാക്കിയത്.

ഐഷ ഫോണിലെ ചാറ്റുകളും സന്ദേശങ്ങളും നശിപ്പിച്ചത് സംശയാസ്പദമാണ്. ടിവി ചാനൽ തത്സമയ ചർച്ചയിൽ വിവാദ പരാമർശം നടത്തുന്നതിന് മുൻപ് ഐഷ മൊബൈൽ ഫോണിൽ നോക്കി വായിക്കുന്നത് കാണാമായിരുന്നു. ചർച്ച നടക്കുമ്പോഴും ഫോണിലൂടെ ആരുമായോ നിരന്തര സമ്പർക്കത്തിലായിരുന്നു.

ഐഷയുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ല. വിശദമായ അന്വേഷണം വേണം. അന്വേഷണവുമായി സഹകരിക്കാതെ പ്രതി മാധ്യമങ്ങളിലൂടെ പൊലീസിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും അന്വേഷണം തടസപ്പെടുത്താനും ശ്രമിക്കുകയാണ്.

മീഡിയാവൺ ചാനൽ മാനേജ്മെൻറും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം കോടതിയെ അറിയിച്ചു. പൊലിസ് ആവശ്യപ്പെട്ട രേഖകൾ മാനേജ്മെൻറ് കൈമാറുന്നില്ലന്നും ഭരണകൂടം വ്യക്തമാക്കി. കേസ് കോടതി ഈ ആഴ്ച പരിഗണിക്കും.

Also Read: ശാന്തമായ ലക്ഷദ്വീപിനെ അശാന്തമാക്കുന്നത് എന്ത്?

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sedition case aisha sultana lakshadweep administration

Next Story
സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും; നിയന്ത്രണങ്ങളില്‍ ഇളവില്ലKerala Lockdown, Covid 19
The moderation of comments is automated and not cleared manually by malayalam.indianexpress.com