ന്യൂഡെൽഹി: ഉജ്ജയിനിയില്‍ നിന്നുള്ള ആര്‍എസ്എസ് നേതാവിന്റെ കൊലവിളി പ്രസ്താവനയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തില്‍ നാല് കമാന്‍ഡോകളെ കൂടി ഉള്‍പ്പെടുത്തി.
ഇതിനിടെ മുഖ്യമന്ത്രിയുടെ തലയ്ക്ക് ഒരു കോടിരൂപ വിലയിട്ട ആർഎസ്എസ് നേതാവ് കുന്ദൻ ചന്ദ്രാവത്തിനെതിരെ പോലീസ് കേസെടുത്തു. ഉജ്ജയ്ൻ പോലീസാണ് കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം. നേരത്തെ, സംഭവം വിവാദമായതിനെത്തുടർന്ന് കുന്ദൻ ചന്ദ്രാവത്ത് പ്രസ്താവന പിൻവലിച്ചിരുന്നു. പിണറായിയെ വധിക്കുമെന്ന് പറഞ്ഞതിൽ ഖേദമുണ്ടെന്നും പശ്ചാത്തപിക്കുന്നതായും പ്രസ്താവന പിൻവലിക്കുകയാണെന്നുമായിരുന്നു ചന്ദ്രാവത് പറഞ്ഞത്.
കേരളത്തിൽ ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെടുന്നതിൽ വലിയ വേദനയാണ് അനുഭവിക്കുന്നതെന്നും ഇതിന്റെ ഭാഗമായുണ്ടായ വൈകാരിക പ്രതികരണമായിരുന്നു തന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും ചന്ദ്രാവത് പറഞ്ഞിരുന്നു.
ബുധനാഴ്ച ഉജ്ജയിൻ ടൗണിലെ ഷഹീദ് പാർക്കിൽ നടന്ന പ്രതിഷേധയോഗത്തിലായിരുന്നു ചന്ദ്രാവതിന്റെ കൊലവിളി. പിണറായി വിജയന്റെ തല വെട്ടിയെടുത്തു കൊണ്ടുവരുന്നവർക്ക് ഒരു കോടി രൂപയാണ് ചന്ദ്രാവത് വാഗ്ദാനം ചെയ്തത്. കേരളത്തിലെ ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകങ്ങൾക്ക് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണ്. വിജയനു മുഖ്യമന്ത്രിയായിരിക്കാനുള്ള യോഗ്യതയില്ല.
പിണറായിയുടെ തല വെട്ടിയെടുത്തുകൊണ്ടുവരുന്നവർക്ക് ഒരു കോടിയോളം വരുന്ന തന്റെ സ്വത്തുക്കൾ ഇഷ്ടദാനം നൽകുമെന്നുമാണ് ആർഎസ്എസ് നേതാവ് പറഞ്ഞത്. ഉജ്ജയിനിൽ നിന്നുള്ള ബിജെപി എംപി ഡോ. ചിന്താമണി മാളവ്യയും എംഎൽഎ മോഹൻ യാദവും ഉൾപ്പെടെ പ്രദേശത്തെ ബിജെപി, ആർഎസ്എസ് നേതാക്കൾ ഇരിക്കുന്ന പൊതുവേദിയിലായിരുന്നു ചന്ദ്രാവതിന്റെ വിവാദ പ്രസംഗം.