കൊച്ചി: ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെമാൽ പാഷയ്ക്ക് നൽകിയിരുന്ന സുരക്ഷ സർക്കാർ പിൻവലിച്ചു. നാലു സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പിൻവലിച്ചത്. ഐഎസിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് കെമാൽ പാഷയുടെ സുരക്ഷയ്ക്കായി സായുധ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചത്.

കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർക്ക് അവരവരുടെ യൂണിറ്റിലേക്ക് തിരിച്ചുപോകാൻ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽനിന്നും നിർദേശം ലഭിച്ചിരുന്നു. ഇതനുസരിച്ചാണ് ഇന്നു നാലു ഉദ്യോഗസ്ഥരും തിരിച്ചുപോയത്. ഇന്നലെയാണ് കെമാൽ പാഷയ്ക്ക് ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്.

Read Also: പൊലീസും ബിഷപ്പും തമ്മിൽ കൊടുക്കൽ വാങ്ങൽ ബന്ധമെന്ന് ജസ്റ്റിസ് കെമാൽപാഷ

സർക്കാരിനെ രൂക്ഷമായി വിമർശിച്ചതിന്റെ പ്രിതകാരമാണിതെന്ന് കെമാൽ പാഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഞാൻ ചോദിച്ചിട്ടല്ല എനിക്ക് സുരക്ഷ തന്നത്. ഐഎസ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ഏർപ്പെടുത്തിയത്. കനകമല കേസ് വന്നപ്പോള്‍ അവര്‍ ലക്ഷ്യമിട്ട ഹൈക്കോടതിയിലെ ജഡ്ജി ഞാനായിരുന്നുവെന്ന് സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നും എന്നെ അറിയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ഇതു കാടത്തം, നിയമവാഴ്ചയ്ക്കു തിരിച്ചടി

”തീവ്രവാദികൾ എന്നെ ലക്ഷ്യമിട്ടത് എന്തിനാണെന്ന് അറിയില്ല. ഇപ്പോൾ സുരക്ഷ പിൻവലിച്ചതിനു പിന്നിലെ കാരണമെന്താണെന്നും അറിയില്ല. വാളയാർ, മാവോയിസ്റ്റ് ഏറ്റുമുട്ടൽ വിഷയങ്ങളിൽ സർക്കാരിനെ ഞാൻ രൂക്ഷമായി വിമർശിച്ചിരുന്നു. അതിന്റെ പ്രതികാരമാകാം” അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.