കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമായി സ്വര്‍ണം പിടിച്ചതിന് പിന്നാലെ സുരക്ഷാ പരിശോധന ശക്തമാക്കി. ചൊവ്വാഴ്ച രാത്രിയാണ് യുവാവിന്റെ കൈയ്യില്‍ നിന്നും രണ്ട് കിലോ സ്വര്‍ണം പിടിച്ചെടുത്തത്. തുടര്‍ന്ന് മറ്റ് യാത്രക്കാരുടെ ബാഗുകളും വിമാനത്താവളത്തില്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി. നിരവധി സ്വർണക്കടത്തുകൾ റിപ്പോർട്ട് ചെയ്ത കോഴിക്കോട് വിമാനത്താവളത്തിന് ശേഷം കണ്ണൂരും സ്വർണക്കടത്തുകാർ ലക്ഷ്യമിടുന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം നടന്ന സംഭവം.
ഉദ്ഘാടനം നടന്ന് ഒരു മാസം തികയും മുമ്പേ ആണ് പിണറായി സ്വദേശി മുഹമ്മദ് ഷാനിൽ നിന്ന് സ്വര്‍ണം പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു കസ്റ്റംസ് പരിശോധന നടത്തിയത്. എയർ ഇന്ത്യ എക്സ്പ്രസിലാണ് മുഹമ്മദ് ഷാന്‍ എത്തിയത്. ആദ്യ പരിശോധനയില്‍ കസ്റ്റംസിന് യാതൊന്നും കണ്ടെത്താനായില്ലെങ്കിലും വിശദമായ പരിശോധനയില്‍ ഇയാളില്‍ നിന്നും സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള പാത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
കസ്റ്റംസ് പരിശോധനയ്ക്കിടെ സ്വർണം കണ്ടെത്തിയതിനെ തുടർന്ന് റവന്യൂ ഇന്റലിജൻസിനെ വിവരം അറിയിക്കുകയും ഷാനെ പിടികൂടുകയുമായിരുന്നു. പിന്നീട് ഇയാളെ റവന്യൂ ഇന്റലിജന്‍സിന് കൈമാറി. ഇയാള്‍ക്ക് കളളക്കടത്ത് മാഫിയകളുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. മുമ്പ് മറ്റേതെങ്കിലും വിമാനത്താവളം വഴി സ്വര്‍ണം കടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ആര്‍ക്ക് വേണ്ടിയാണ് ഇയാള്‍ സ്വര്‍ണം കടത്തിയതെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.
തന്നെ കൊണ്ടുപോകാൻ സുഹൃത്തുക്കള്‍ പുറത്ത് കാത്തു നില്‍ക്കുന്നുണ്ടെന്നാണ് ഇയാള്‍ കസ്റ്റംസിനോട് പറഞ്ഞത്. തുടര്‍ന്ന് ഇയാളേയും കൂട്ടി കസ്റ്റംസ് അധികൃതര്‍ പുറത്തെത്തി കാറിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തു. എന്നാല്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇവര്‍ പറഞ്ഞത്. തുടര്‍ന്ന് ഇവരേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവര്‍ക്ക് സ്വര്‍ണ കടത്തിനെ കുറിച്ച് അറിവുണ്ടായിരുന്നോ എന്ന് അന്വേഷിച്ച് വരികയാണ്. വിമാനത്താവളത്തിലെ ആദ്യ സ്വര്‍ണ കടത്ത് ശ്രമം കണ്ണൂരില്‍ വന്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ‘കണ്ണൂരിലെ ആദ്യ താരാദാസ്’ എന്നാണ് ഷാനെ ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ വിശേഷിപ്പിക്കുന്നത്.