കൊച്ചി: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഫോർട്ട്കൊച്ചിയിലും പരിസരങ്ങളിലും സുരക്ഷാ സന്നാഹങ്ങളൊരുക്കി പൊലീസ്. ന്യൂ ഇയർ-കാർണിവൽ റാലിയുമായി ബന്ധപ്പെട്ട് സന്ദർശകരുടെ വരവു മൂലമുണ്ടാകുന്ന ഗതാഗത പ്രശ്നങ്ങളും തിരക്കുകളും മുൻനിർത്തിക്കൊണ്ടുള്ള ക്രമീകരണങ്ങളാണ് അടുത്ത രണ്ട് ദിവസത്തേക്ക് പൊലീസ് തയ്യാറാക്കിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഫോർട്ട്കൊച്ചിയിൽ പ്രത്യേക കൺട്രോൾ റൂം പൊലീസ് തുറന്നിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ മൂന്ന് അസിസ്റ്റന്റ് കമ്മീഷണർമാർ ആറ് സർക്കിൾ ഇൻസ്പെക്ടർമാർ, നാൽപ്പത് എസ്ഐമാർ 400 പൊലീസുകാർ എന്നിവരെയാണ് വിവിധ കേന്ദ്രങ്ങളിലായി വിന്യസിച്ചിരിക്കുന്നത്.
പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന മൂന്ന് വാച്ച് ടവറുകളിൽ നിന്ന് ഒരേ സമയം അഞ്ച് വീഡിയോ ക്യാമറകൾ ഉപയോഗിച്ചുള്ള ലൈവ് റെക്കോർഡിങ് സംവിധാനങ്ങൾ പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷക്കായി 50 വനിതാ പൊലീസുകളെ വിന്യസിക്കുകയും അതോടൊപ്പം ബീച്ചിൽ എത്തുന്ന വിദേശികൾക്കായി പ്രത്യേക സ്ഥലവും പൊലീസ് സജ്ജമാക്കിയിട്ടുണ്ട്.
Read Also: ജനങ്ങള്‍ക്ക് പുതുവത്സര സമ്മാനം: സബ്സിഡി ഇല്ലാത്ത പാചകവാതകത്തിന് 120 രൂപ കുറച്ചു
ന്യൂയർ ആഘോഷങ്ങൾക്ക് ശേഷം മടങ്ങിപോകുന്നതിനായി രാത്രി 12 മണിയ്ക്ക് ശേഷം ബസ് സർവ്വീസുകളും ഏർപ്പെടുത്തിയിട്ടുള്ളതായി പൊലീസ് അറിയിച്ചു. പുതുവത്സര ദിനത്തിൽ വെളി മുതൽ ബസ് സ്റ്റാൻഡ് വരെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. ഫോർട്ട്കൊച്ചിയിലേക്ക് വരുന്ന വാഹനങ്ങൾ വെളിയിൽ നിന്നും തിരിഞ്ഞ് അമരാവതി, കുന്നുംപുറം വഴി തിരിച്ചുവിടും. ഫോർട്ട്കൊച്ചിയിൽ നിന്നും തോപ്പുംപടിയിലേക്ക് പോകുന്ന വാഹനങ്ങൾ അമരാവതിയിൽ നിന്നും തിരിഞ്ഞ് അജന്ത തിയറ്റർ റോഡ് വഴിയും തിരിച്ചുവിടും.
ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ഫോർട്ട്കൊച്ചി കെബി ജേക്കബ് റോഡിലെ പാർക്കിങിനും നിരോധനമുണ്ട്. ഇതിനു പകരമായി പള്ളത്തു രാമൻ മൈതാനം, വെളി മൈതാനം, ബിഷപ്പ് ഗ്രൗണ്ട് തുടങ്ങിയ സ്ഥലങ്ങളിൽ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാനായി ജങ്കാറിന്റെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.