തിരുവനന്തപുരം: സ്വവര്‍ഗാനുരാഗം കുറ്റകൃത്യമല്ലെന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധിയെ ആഘോഷിക്കുകയാണ് രാജ്യം. നിയമവ്യവസ്ഥയിലെ മാറ്റം സമൂഹത്തേയും സ്വാധീനിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഓരോരുത്തരും. കുറഞ്ഞപക്ഷം നിയമത്തെ പേടിക്കാതെ പ്രണയിക്കാം എന്നതു തന്നെ ഏറെ ആശ്വാസകരമാണ്.

പ്രണയിക്കാനും ലൈംഗിക പങ്കാളിയെ തിരഞ്ഞെടുക്കാനും വരെ നിയമത്തിന്റെ അനുവാദം വേണം എന്ന അവസ്ഥയിലായിരുന്നു ഇത്രയും നാള്‍ രാജ്യം. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ സ്വര്‍ഗാനുരാഗ ‘കുറ്റകൃത്യങ്ങള്‍’ ഏറ്റവുമധികം റജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്ന സംസ്ഥാനം കേരളമായിരുന്നു.

2016ലെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ 207ഉം യുപിയില്‍ 999ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെക്ഷന്‍ 377 പ്രകാരം കേസുകള്‍ റജിസ്റ്റര്‍ ചെയ്ത മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കര്‍ണാടക (8), ആന്ധ്രാ പ്രദേശ് (7), തെലങ്കാന (11), തമിഴ്‌നാട് (0) എന്നിങ്ങനെയാണ്.

ഐപിസിയിലെ സെക്ഷന്‍ 377 പ്രകാരം ആരെങ്കിലും സ്വമേധയാ പോലും പ്രകൃതിയുടെ നിയമത്തിന് വിരുദ്ധമായി പുരുഷന്‍, സ്ത്രീ, മൃഗം എന്നിവയില്‍ ആരുമായി ശാരീരികമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും ശിക്ഷിക്കപ്പെടും. ജീവപര്യന്തം തടവ്, അല്ലെങ്കില്‍ ജീവപര്യന്തം അല്ലങ്കില്‍ പത്ത് വര്‍ഷം വരെയുളള തടവ്, പുറമെ പിഴയും ഈടാക്കുന്നതാണ് ശിക്ഷ. 1861 ലെ പുരാതനമായ ഈ ബ്രിട്ടീഷ് നിയമപ്രകാരം പുരുഷലിംഗ നിവേശിക്കപ്പെടുന്ന ലൈംഗിക ബന്ധങ്ങളില്‍ പ്രകൃതിയുടെ നിയമത്തിന് വിരുദ്ധമെന്ന വ്യാഖാനിക്കുന്ന പ്രവൃത്തികളൊക്കെ കുറ്റകരമാക്കിയിട്ടുണ്ട്. ഈ നിയമത്തെയാണ് സുപ്രീം കോടതി അസാധുവാക്കിയിരിക്കുന്നത്.

എന്നാല്‍ ഇത്തരത്തില്‍ കേസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ എണ്ണത്തില്‍ കേരളം രണ്ടാംസ്ഥാനത്താകുന്നതിന് കാരണങ്ങളായി പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത് മറ്റുപലതുമാണ്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതും പോക്‌സോ നിയമപ്രകാരം കേസെടുക്കുന്നതും മൂലമാണ് എണ്ണത്തില്‍ വര്‍ദ്ധനവ് എന്നാണ് പൊലീസിന്റെ അവകാശവാദം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.