/indian-express-malayalam/media/media_files/uploads/2018/11/sabarimala-2.jpg)
പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവടങ്ങളില്‍ നിലവിലുണ്ടായിരുന്ന നിരോധനാജ്ഞയാണ് നീട്ടിയത്. ഇന്ന് രാത്രി 12 ന് നിരോധനാജ്ഞയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് തീരുമാനം.
ഈ മാസം 26 വരെ നിരോധനാജ്ഞ തുടരും. ശബരിമലയിലും പരിസരത്തും ഏർപ്പെടുത്തിയ നിരോധനാജ്ഞ നീട്ടണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട പൊലീസ് സൂപ്രണ്ട് ജില്ല കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. പൊലീസിന്റെ ആവശ്യപ്രകാരമാണ് കളക്ടറുടെ തീരുമാനം.
അടുത്ത രണ്ടാഴ്ചത്തേക്ക് നിരോധനാജ്ഞ തുടരണമെന്നാണ് പൊലീസ് സൂപ്രണ്ട് ആവശ്യപ്പെട്ടത്. സന്നിധാനത്ത് സംഘർഷ സാധ്യതയില്ലെന്നും നിരോധനാജ്ഞ പിൻവലിക്കാമെന്നുമാണ് റാന്നി തഹസിൽദാർ കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ട്.
പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നാല് ദിവസത്തേക്ക് കൂടി നീട്ടാൻ കളക്ടർ തീരുമാനിച്ചത്. സന്നിധാനത്തടക്കം ഏർപ്പെടുത്തിയ നിരോധനാജ്ഞ കടുത്ത വിമർശനം ഏറ്റുവാങ്ങിയിരുന്നു. ഭക്തരെ വലയ്ക്കുന്നതാണ് തീരുമാനമെന്ന് ഗവർണർക്ക് നൽകിയ പരാതിയിൽ സംഘപരിവാർ സംഘടനകളും പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു.
ഭക്തരെ തടയുന്ന തരം നിരോധനാജ്ഞ സന്നിധാനത്ത് ഇല്ലെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട്. ഗവർണറെ ഇന്ന് രാജ്ഭവനിൽ സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം വിശദീകരിച്ചിരുന്നു.
അതേസമയം സന്നിധാനം ശാന്തമാണ്. ഇവിടെ ഭക്തർക്ക് സമാധാനപരമായി ദർശനം നടത്താനും മറ്റ് കർമ്മങ്ങൾക്കും സൗകര്യമുണ്ട്. മാസ പൂജ സമയത്തോ ചിത്തിര ആട്ട വിശേഷ സമയത്തോ കണ്ട പ്രതിഷേധങ്ങൾ ഇവിടെയില്ല. ഇക്കാര്യം പരിഗണിച്ചാണ് നിരോധനാജ്ഞ വേണ്ടെന്ന നിലപാട് റാന്നി തഹസിൽദാർ സ്വീകരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.