കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ അടുത്ത ഒരാഴ്ചത്തേക്ക് സിറ്റി പൊലീസ് കമ്മിഷണർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കത്തുവ പീഡന കേസിനെ തുടർന്ന് നടന്ന സോഷ്യൽ മീഡിയ ഹർത്താലിനെ തുടർന്ന് കൂടുതൽ സംഘർഷങ്ങൾക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

അപ്രഖ്യാപിത ഹർത്താലിനെ തുടർന്ന് കോഴിക്കോട് നടന്ന സംഘർഷങ്ങളെ തുടർന്നാണ് നടപടി. ഇനിയും കൂടുതൽ സംഘർഷങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് വിഭാഗമാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്.

“ചലോ കോഴിക്കോട് എന്ന പേരിൽ ഒരു ഹാഷ് ടാഗ് പ്രചരിക്കുന്നതായി പൊലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഹിന്ദുത്വ ശക്തികൾക്കെതിരായ പ്രതിഷേധ സംഗമം എന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്. സമയമോ സ്ഥലമോ ഒന്നും പരാമർശിക്കാതെയാണ് ക്യാംപെയ്ൻ നടക്കുന്നത്. ഇതിന് പുറമേ എസ് ഡി പിഐ നാളെ കോഴിക്കോട് ഒരു പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്,” കോഴിക്കോട് ഡിസിപി മെറിൻ ജോസഫ് ഐഇ മലയാളത്തോട് പറഞ്ഞു.

പൊലീസ് ആക്ടിലെ 78, 79 വകുപ്പുകൾ പ്രകാരം പൊതുസമ്മേളനങ്ങളും പ്രകടനങ്ങളും നിരോധിച്ച് സർക്കാർ ഉത്തരവായി. നശീകരണ വസ്തുക്കൾ, സ്ഫോടക വസ്തുക്കൾ, വെടിമരുന്നുകൾ, കല്ലുകൾ, ആക്രമണത്തിന് ഉപയോഗിക്കാനാവുന്ന തരം ആയുധങ്ങൾ എന്നിവ കൈവശം വയ്ക്കാൻ പാടില്ല.

സാമുദായിക വിഭാഗീയതയ്ക്ക് കാരണമാകുന്ന വിധം ചിത്രങ്ങൾ, ചിഹ്നങ്ങൾ, പ്ലക്കാർഡുകൾ, അച്ചടിച്ച കടലാസുകൾ, ലഘുലേഖകൾ, പുസ്‌തകങ്ങൾ എന്നിവ പ്രദർശിപ്പിക്കരുത്.

സോഷ്യൽ മീഡിയ വഴിയുളള പ്രചാരണങ്ങളും വിലക്കിയിട്ടുണ്ട്. കാശ്മീരിലെ ബലാത്സംഗ-കൊലയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ നടത്തിയവർക്കെതിരെ കടുത്ത നടപടിയാണ് കേരള പൊലീസ് സ്വീകരിക്കുന്നത്. വ്യാജ ഹർത്താൽ വാർത്ത പ്രചരിപ്പിച്ചവരെയും ഹർത്താലിനിനിടയിൽ അക്രമം നടത്തിയവർക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.

സംഭവത്തെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ അക്രമം നടന്നിരുന്നു. വർഗ്ഗീയ ധ്രുവീകരണത്തിനുളള ശ്രമം നടക്കുന്നതായി പൊലീസ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ