മലപ്പുറം: ശിശു ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഇന്‍സ്റ്റന്റ് മെസേജിങ് സേവനമായ ടെലഗ്രാമിലെ ‘പൂമ്പാറ്റ’ എന്ന ഗ്രൂപ്പിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ചെറിയ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുന്ന ഗ്രൂപ്പിന് തുടക്കമിട്ടത് ഷറഫലി എന്നയാളാണ്. ഇയാള്‍ ടെലഗ്രാമില്‍ അറുപതോളം ഗ്രൂപ്പുകള്‍ സൃഷ്ടിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ തന്നെ പലതും ആയിരക്കണക്കിന് അംഗങ്ങള്‍ ഉള്ള ചാനലുകള്‍ ആയിരുന്നു. ഇയാളെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സ്വകാര്യത കാത്തുസൂക്ഷിക്കുന്ന ഇൻസ്റ്റൻറ് മെസേജിങ് സംവിധാനം എന്നാണ് ടെലഗ്രാമിൻറെ സുരക്ഷിത്വതമായി വിശേഷിപ്പിക്കപ്പെടുന്നത്. അങ്ങനെയുളള സംവിധാനം ഉപയോഗിച്ചാണ് കേരളത്തിൽ  ശിശുപീഢനത്തിനായുളള ഗ്രൂപ്പ് രൂപീകരിച്ചത്.  വാട്സാപ്പിന് മുമ്പ് തന്നെ എൻഡ് ടു എൻഡ് എൻക്രിപ്റ്റ് സുരക്ഷിതത്വം ഉപയോഗിച്ചിരുന്ന മെസേജിങ് സംവിധാനമാണ് ടെലിഗ്രാം

നവംബര്‍ 22നാണ് പൂമ്പാറ്റ എന്ന പേരിലുള്ള ഗ്രൂപ്പ് ആരംഭിച്ചത്. ‘ടിപ്പണി ഡപ്പി’ യൂട്യൂബ് ചാനല്‍ അഡ്മിന്‍ ജല്‍ജിത്ത് ആണ് ഇത്തരം ഒരു ഗ്രൂപ്പ് തുടങ്ങുന്നത് സംബന്ധിച്ച രഹസ്യ വിവരം കേരളം പോലീസിന്റെ സൈബര്‍ സെല്ലിന് കൈമാറിയത്. ‘നാടന്‍ തുണ്ട്’ എന്ന അശ്ലീല ടെലഗ്രാം ചാനലില്‍ ആയിരുന്നു ഇത്തരം ഒരു സന്ദേശം ആദ്യം വരുന്നത്.

‘എന്നെ സംബന്ധിച്ച് ഇത് വളരെ വ്യക്തിപരമാണ്. സുഹൃത്തുക്കളും വളരെ വേണ്ടപ്പെട്ട നിരവധി പേരും ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. മുമ്പും ഇന്റര്‍നെറ്റില്‍ ഇത്തരം ശിശുലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഗ്രൂപ്പുകള്‍ ഉണ്ടായിട്ടുണ്ട്. അതിനെതിരെയും ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. പക്ഷെ ഇത്രയ്ക്കും വൈകൃതമായി ചിന്തിക്കുന്നവരെ ഇവിടെയാണ് കണ്ടത്. പൂമ്പാറ്റ, നാടന്‍ തുടണ്ട്, വൈഫ് സ്വാപ്പിങ്, ഗേ എന്നിങ്ങനെ നാല് ഗ്രൂപ്പുകളാണ് ഉള്ളത്. ഇതില്‍ പൂമ്പാറ്റ എന്ന ഗ്രൂപ്പിലായിരുന്നു കുട്ടികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നത്. ആദ്യ ദിവസം തന്നെ ഞങ്ങള്‍ വിവരങ്ങള്‍ സൈബര്‍ സെല്ലിന് കൈമാറി. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതു വരെ അവിടെ തന്നെ തുടരാന്‍ അവര്‍ ആവശ്യപ്പെട്ടു. അങ്ങനെ ആറു ദിവസത്തെ ഓപ്പറേഷനായിരുന്നു ഇത്. സ്വന്തം കുഞ്ഞുങ്ങളെ ഒരുവയസുമുതല്‍ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവര്‍ വരെ ആ ഗ്രൂപ്പിലുണ്ട്.’ ജല്‍ജിത്ത് പറയുന്നു.

ഗ്രൂപ്പില്‍ നാലു വയസിനും 15 വയസിനും ഇടയിലുള്ള കുട്ടികളുടെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യാനാണ് അഡ്മിനായ ഷറഫലി ആവശ്യപ്പെട്ടതെന്ന് ജല്‍ജിത്ത് പറയുന്നു. ജല്‍ജിത്തും മാധ്യമപ്രവര്‍ത്തകന്‍ ബിനു ഫല്‍ഗുണനും ചേര്‍ന്ന് നടത്തിയ നീക്കങ്ങളിലൂടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്.

ഏറെ ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോയും ഈ ഗ്രൂപ്പില്‍ വന്നിരുന്നു. രണ്ടുമൂന്ന് പേര്‍ ചേര്‍ന്ന് ഒരു ചെറിയ പെണ്‍കുട്ടിയ ബലാത്സംഗം ചെയ്യുന്നതായിരുന്നു അത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.