സെക്രട്ടേറിയറ്റിലെ പഞ്ചിങ്: ഇതുവരെ വിരൽതൊടാതെ ആറ് പേർ, സ്ഥിരം വൈകിയെത്തുന്നത് 94 പേർ

ജനുവരി ഒന്ന് മുതൽ 22 വരെയുളള ഹാജർ നില പരിശോധിക്കുമ്പോൾ 4673 ജീവനക്കാർ സ്ഥിരമായി പഞ്ചിങ്ങിലൂടെ ഹാജർ നില രേഖപ്പെടുത്തുന്നു.

Bio Metric Punching must from 2018 January 2018 New Year

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ജനുവരി ഒന്ന് മുതൽ ഏർപ്പെടുത്തിയ പഞ്ചിങ് സമ്പ്രദായത്തിനോട് 22 ദിവസം കഴിഞ്ഞും മുഖം തിരിഞ്ഞ് നിൽക്കുന്നത് ആറ് ജീവനക്കാർ മാത്രം. സർക്കാർ ജീവനക്കാരുടെ ശമ്പളവും ഹാജറും ബന്ധപ്പെടുത്തിയാണ് ഈ വർഷം ജനുവരി ഒന്ന് മുതൽ പഞ്ചിങ് സമ്പ്രദായം നിർബന്ധമാക്കിയത്.

ജനുവരി ഒന്നു മുതല്‍ 22 വരെയുളള പഞ്ചിങ് റിപ്പോര്‍ട്ട് പ്രകാരം സ്പാര്‍ക്കില്‍ അംഗമായ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ എണ്ണം 5155 ആണ്. എന്നാൽ ഇതിൽ 4673 പേരാണ് സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്നത്. മറ്റുളളവർ ഭരണ നിർവ്വഹണവുമായി ബന്ധപ്പെട്ട് മറ്റിടങ്ങളിലാണ് ജോലി ചെയ്യുന്നത്. ബയോ മെട്രിക് പഞ്ചിങ് ആരംഭിച്ചതിന് ശേഷം ഇതുവരെയും പഞ്ച് ചെയ്യാത്തവര്‍ ആറു പേർ മാത്രമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പഞ്ചിങ് നിലവിൽ വന്നിട്ടും സ്ഥിരമായി വൈകിയെത്തുന്നവര്‍ 94 പേരും. പൊതുഭരണ വകുപ്പ് പുറത്തു വിട്ട കണക്കുകളാണ് പഞ്ചിങ് പുരോഗതി വ്യക്തമാക്കുന്നത്.

സെക്രട്ടേറിയറ്റില്‍ ജനുവരി ഒന്നു മുതല്‍ പുതിയ പഞ്ചിങ് സംവിധാനം നിർബന്ധമാക്കിയ ദിവസം സെക്രട്ടേറിയറ്റിൽ ജോലി ചെയ്തിരുന്ന 4,497 ജീവനക്കാരില്‍ കൃത്യസമയത്തിനുളളിൽ ഹാജര്‍ രേഖപ്പെടുത്തിയത് 3050 പേര്‍ ആയിരുന്നു. 946 പേര്‍ വൈകിയാണ് ഹാജര്‍ രേഖപ്പെടുത്തിയത്. 501 പേര്‍ ഹാജര്‍ രേഖപ്പെടുത്തിയിരുന്നില്ല. 2017ഡിസംബർ 28 മുതൽ സ്പാർക്കുമായി ബന്ധപ്പെടുത്തിയുളള പഞ്ചിങ് സംവിധാനം നിലവിൽ വന്നിരുന്നു. അന്ന് കൃത്യ സമയത്ത് ഹാജര്‍ രേഖപ്പെടുത്തിയത് 1047 പേരായിരുന്നു. 2150 പേര്‍ വൈകിയാണ് അന്ന് പഞ്ച് ചെയ്തത്.

ബയോ മെട്രിക് കാര്‍ഡ് കാണിച്ചതിനു ശേഷം വിരലുപയോഗിച്ചാണ് പഞ്ച് ചെയ്യേണ്ടത്. പുതിയ സംവിധാനത്തില്‍ മൂന്നു ദിവസം വൈകിയെത്തിയാല്‍ ഒരു ദിവസത്തെ ലീവ് രേഖപ്പെടുത്തും. മാസത്തിൽ മൂന്ന് മണിക്കൂർ ആകെ ഇളവ് ലഭിക്കും. നേരത്തെ പോകുന്നതിനും വൈകി വരുന്നതിനും ഉൾപ്പടെയാണിത്. ഈ സമയ പരിധി കഴിഞ്ഞ് മൂന്ന് ദിവസം വൈകിയാലാകും ഒരു ദിവസത്തെ അവധിയായി കണക്കാക്കുക. സെക്രട്ടറിയേറ്റിലെ ജോലി സമയം രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെയാണ്.

പ​ഞ്ചിങ്ങിൽനിന്ന് മ​ന്ത്രി​മാ​രെ​യും ചീ​ഫ് സെ​ക്ര​ട്ട​റി​യെ​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. മന്ത്രിമാരുടെ ഓഫീസിലെ ജീവനക്കാർക്ക് ഈ നിബന്ധന ബാധകമാണ്.

സെക്രട്ടേറിയറ്റിൽ നേരത്തെ തന്നെ പഞ്ചിങ് സമ്പ്രദായം പല തവണ നടപ്പാക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും വിജയം കണ്ടിരുന്നില്ല. 2010 മുതൽ പഞ്ചിങ് ഉണ്ടായിരുന്നുവെങ്കിലും അതല്ലാതെയുളള ഒപ്പിടൽ ഹാജരാണ് ഭൂരിപക്ഷവും ഉപയോഗപ്പെടുത്തിയിരുന്നത്. ഈ വർഷം ജനുവരി ഒന്ന് മുതൽ അതെല്ലാം ജീവനക്കാർ മറന്നു. ബയോമെട്രിക് പഞ്ചിങിലേയ്ക്ക് കടന്നു. പഞ്ചിങ് സംവിധാനം നടപ്പാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം നേരത്തെ ജീവനക്കാരിൽ നിന്നും ഉയർന്നിരുന്നു.

മുമ്പ് ഇ.കെ.നായനാര്‍ സര്‍ക്കാരിന്റെ അവസാന കാലത്താണ് സെക്രട്ടറിയേറ്റിന്റെ അനക്‌സില്‍ പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്. എ.കെ.ആന്റണി സർക്കാരിന്റെ കാലത്ത് 2001 ൽ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ പഞ്ചിങ് സംവിധാനം നടപ്പാക്കാൻ ശ്രമിച്ചുവെങ്കിലും കക്ഷിഭേദമന്യേ ജീവനക്കാരുടെ എതിർപ്പ് മൂലം ഉപേക്ഷിക്കുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Secretariat punching till employees are not punching

Next Story
ബിനോയ് കോടിയേരിക്കെതിരായ ആരോപണം ഗുരുതരമെന്ന് സിപിഎം ജനറൽ സെക്രട്ടറി യെച്ചൂരിsitaram yechury,, cpi(m), cpm,, rss, bjp, political violence,
The moderation of comments is automated and not cleared manually by malayalam.indianexpress.com