തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സംഘവും പൊലീസും ഉടൻ റിപ്പോർട്ട് നൽകും. തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു. തീപ്പിടിത്തവുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങൾ അന്വേഷിക്കുന്നതിനായി ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മീഷണർ ഡോക്ടർ കൗശികന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന വിദഗ്ധ സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവായതായി ചീഫ് സെക്രട്ടറി വിശ്വാസ് മെഹ്ത്ത അറിയിച്ചു.

അതേസമയം തീപിടുത്തം ഉണ്ടായതിന് പിന്നാലെ ബിജെപി നേതാക്കളും പ്രവർത്തകരും സെക്രട്ടറിയേറ്റിൽ പ്രവേശിച്ചതിൽ പൊലീസിന് വീഴ്ച പറ്റിയതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. സംഭവത്തിൽ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തും. ഇതിനായി എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചു. ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധ സമിതിയിലെ അംഗങ്ങളും തീപിടിത്തമുണ്ടായ സ്ഥലം സന്ദർശിച്ചിരുന്നു.

Also Read: സെക്രട്ടറിയേറ്റിലെ തീപിടിത്തം: എൻഐഎ അന്വേഷിക്കണമെന്ന് ചെന്നിത്തല

ദുരന്ത നിവാരണവിഭാഗം കമ്മീഷണർ എ കൗശികന്‍റെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘമാണ് സംഭവം അന്വേഷിക്കുന്നത്. ഫോറൻസിക് പരിശോധനാ ഫലം വേഗത്തിൽ ലഭ്യമാക്കും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻറെയും പരിശോധനാ റിപ്പോർട്ടും വൈകില്ല. തീ പിടുത്തം അട്ടിമറിയാണോ എന്ന ആക്ഷേപമാണ് പ്രധാനമായും പരിശോധിക്കുന്നത്.

Also Read: തീപിടിത്തമുണ്ടായ ഉടനെ എടുത്തുചാടിയുള്ള പ്രസ്‌താവന, ചെന്നിത്തലുടെ ഇടപെടൽ ദുരൂഹം: ഇ.പി.ജയരാജൻ

കേരള സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തിൽ പ്രധാനപ്പെട്ട ഫയലുകൾ നശിച്ചിട്ടില്ലെന്ന് പൊതുഭരണവകുപ്പ് അഡീ.സെക്രട്ടറി പി.ഹണി. “റസ്റ്റ് ഹൗസ് ബുക്കിങ്ങുമായി ബന്ധപ്പെട്ട ചില ഫയലുകൾ മാത്രമാണ് ഭാഗികമായി കത്തിനശിച്ചത്. സുപ്രധാന ഫയലുകളെല്ലാം ഇ-ഫയൽ രൂപത്തിലാണ്. കംപ്യൂട്ടർ കത്തിനശിച്ചാൽ പോലും അത്തരം ഫയലുകൾ തിരിച്ചെടുക്കാനുള്ള സംവിധാനമുണ്ട്. ഷോർട്ട് സർക്യൂട്ട് മൂലം ഇതിനു മുൻപും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. തീപിടിത്തമുണ്ടായ സമയത്ത് തന്നെ അത് അണയ്‌ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അടിയന്തര സാഹചര്യമൊന്നും ഇപ്പോൾ ഇല്ല,” പി.ഹണി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.