തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കമിട്ട സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിൽ അന്വേഷണ റിപ്പോർട്ട് വൈകും. ഫൊറൻസിക് റിപ്പോർട്ട് ലഭിക്കാത്തത് അടക്കമുള്ള സാങ്കേതിക കാരണങ്ങളാലാണ് അന്വേഷണ റിപ്പോർട്ട് വൈകുന്നത്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നായിരുന്നു സർക്കാർ നിർദേശം. എന്നാൽ നിർണായക തെളിവുകൾ അടങ്ങുന്ന ഫൊറൻസിക് റിപ്പോർട്ട് തന്നെ വൈകുന്നതാണ് അന്വേഷണ സംഘത്തിന് വിലങ്ങുതടിയാകുന്നത്.
രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ മാത്രമേ ഫൊറൻസിക് റിപ്പോർട്ട് ലഭിക്കുകയുള്ളുവെന്നാണ് സൂചന. അതിന് ശേഷം മാത്രമേ പൂർണമായ റിപ്പോർട്ട് സമർപ്പിക്കാൻ സാധിക്കുകയുള്ളു. അതേസമയം തീപിടിത്തത്തിനു പിന്നില്‍ അസ്വാഭാവികതകള്‍ ഒന്നും ഇല്ലെന്ന് ഫയര്‍ ഫോഴ്സും, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വിഭാഗവും നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുഭരണവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാനും കഴിഞ്ഞിട്ടില്ല. ഇതോടൊപ്പം ഓണാവധിയും റിപ്പോർട്ട് വൈകുന്നതിനുള്ള കാരണങ്ങളായി ചൂണ്ടികാണിക്കപ്പെടുന്നു.
തീപ്പിടിത്തവുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങൾ അന്വേഷിക്കുന്നത് ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മീഷണർ ഡോക്ടർ കൗശികന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന വിദഗ്ധ സംഘമാണ്. സംഭവത്തിൽ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തും. ഇതിനായി എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘത്തെയും നിയോഗിച്ചിരുന്നു.
Also Read: ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിൽ ഓപ്പൺ സർവകലാശാല; ഒക്ടോബർ രണ്ടിന് നിലവിൽവരും
ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുളള ആസൂത്രിത തീപിടുത്തമെന്ന് രാഷ്ട്രീയ ആരോപണം ഉയര്‍ന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ രണ്ട് സംഘങ്ങളെ സംഭവം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്. സർക്കാരിനെതിരായ രാഷ്ട്രീയ ആയുധമായാണ് കോൺഗ്രസും ബിജെപിയും ഇതിനെ കണ്ടത്.